ജാസി ഗിഫ്റ്റിന് കോളജിൽ അപമാനം; പ്രിൻസിപ്പലിനെതിരെ പ്രതിഷേധം
കൊച്ചി | കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് ദിനാഘോഷത്തിൽ അതിഥിയായെത്തിയ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ വിമർശവുമായി മന്ത്രിമാരായ സജി ചെറിയാനും ആർ ബിന്ദുവും രംഗത്തെത്തി. പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തുറന്നടിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കോളജിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കലാകാരന്മാരെയും സാംസ്‌കാരിക നായകരെയും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പറഞ്ഞു.
ജാസി ഗിഫ്റ്റിനൊപ്പം സഹ ഗായകൻ പാടുന്നത് പ്രിൻസിപ്പൽ തടഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. വിദ്യാർഥികളുടെ ക്ഷണ പ്രകാരമാണ് കഴിഞ്ഞ ദിവസം നടന്ന കോളജ് ഡേയിൽ മുഖ്യാതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. തുടർന്ന് വിദ്യാർഥികളുടെ അഭ്യർഥന പ്രകാരം ഗാനം ആലപിക്കുകയായിരുന്നു. പാട്ടുപാടുന്നതിനിടയിലാണ് പ്രിൻസിപ്പൽ വേദിയിലേക്ക് എത്തിയത്. അതിന് ശേഷം, ജാസി ഗിഫ്റ്റ് മാത്രം പാടിയാൽ മതിയെന്നും കൂടെയുള്ള ആളെ പാടാൻ അനുവദിക്കില്ലെന്നും, ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങിക്കൊണ്ട് അറിയിച്ചു. തുടർന്ന് ഗായകൻ വേദി വിടുകയായിരുന്നു.
പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയ സംഭവം വേദനിപ്പിച്ചുവെന്നും ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും ജാസി ഗിഫ്റ്റ് പ്രതികരിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിലും ഇക്കാര്യം വലിയ ചർച്ചയായിരുന്നു.
അതേസമയം, പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രിൻസിപ്പൽ പറയുന്നത്. സാംസ്‌കാരിക പ്രവർത്തകരും ഗായകരുമടക്കമുള്ള നിരവധി പേർ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.