വരൾച്ചാ ദുരിതാശ്വാസം നൽകുന്നില്ല; കേന്ദ്ര സർക്കാറിന് എതിരെ കർണാടക സുപ്രീം കോടതിയിൽ
ബെംഗളൂരു | മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ. കടുത്ത വരൾച്ച അനുഭവിക്കുന്ന സംസ്ഥാനത്തിന് വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽ നിന്നു പോലും സഹായം ലഭിക്കാത്ത സ്ഥിതിയാണ്. മൗലികാവകാശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ അവസരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ദേശീയ ദുരന്ത പ്രതികരണ നിധിക്ക് (എൻഡിആർഎഫ്) കീഴിലാണ് സർക്കാർ ധനസഹായം തേടിയത്. എൻഡിആർഎഫ് ഫണ്ടിനായി യാചിക്കേണ്ട ആവശ്യമില്ലെന്നും അതിനാൽ, സംസ്ഥാനം നിയമപരമായി അതിന്റെ വിഹിതം ചോദിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇനിയും കാത്തിരിക്കാനാവില്ലന്നും കർഷകരിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരൾച്ച ബാധിതരായ ഓരോ കർഷകനും ഇടക്കാലാശ്വാസമായി സംസ്ഥാന സർക്കാർ ഇതിനകം 2,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ അറിയിച്ചു.
നിയമപ്രകാരം 2023 നവംബറോടെ ഫണ്ട് അനുവദിക്കേണ്ടതായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. വരൾച്ചയിൽ സംസ്ഥാനത്ത് 48 ലക്ഷം ഹെക്ടർ കാർഷിക, തോട്ട വിളകൾ നശിച്ചു. ഇൻ്റർ മിനിസ്റ്റീരിയൽ കേന്ദ്രസംഘം സംസ്ഥാനം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടും ഫണ്ട് അനുവദിക്കാൻ കേന്ദ്രസർക്കാർ മെനക്കെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വരൾച്ച കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ഇതുവരെ 1017 കോടി രൂപ അനുവദിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ഇൻപുട്ട് സബ്‌സിഡി നൽകാൻ സംസ്ഥാനത്തിന് 4,663 കോടി രൂപ ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ച് ഫണ്ട് അടിയന്തരമായി അനുവദിക്കുന്നതിന് നിർദേശം നൽകണമെന്നാണ് കോടതിയിൽ ആവശ്യപ്പട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.