ഫാക്ട് ചെക്ക് യൂനിറ്റിന് സ്റ്റേ: കേന്ദ്രത്തിന് തിരിച്ചടി; വ്യാജ വാര്‍ത്ത മുദ്രയടിക്കേണ്ട, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് കോടതി
ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമ പോസ്റ്റുകളുടെയും ഓണ്‍ലൈന്‍ വാര്‍ത്തകളുടെയും വസ്തുതാ പരിശോധന നടത്തുന്നതിന് യൂനിറ്റ് രൂപവത്കരിച്ചുള്ള കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അഭിപ്രായ സ്വതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചിന്റെ നടപടി. 2023ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ഭേദഗതി ചട്ടങ്ങള്‍ പ്രകാരമാണ് ഫാക്ട് ചെക്ക് യൂനിറ്റ് വിജ്ഞാപനം ചെയ്തത്. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമാണ് 24 മണിക്കൂറിനകം സ്റ്റേ ചെയ്തത്.
കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍ക്കാറിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂനിറ്റ് വ്യാജമെന്നു മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു പ്രവര്‍ത്തനം. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കംറ, അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാഗസിന്‍സ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതു വരെയാണ് സ്റ്റേ. ഏപ്രില്‍ 15നാണ് ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്. നേരത്തേ ഈ ആവശ്യം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാറിനെതിരായ വിമര്‍ശങ്ങള്‍ തടയാനാണ് ഫാക്ട് ചെക്ക് യൂനിറ്റ് വഴി നീക്കമിട്ടതെന്ന ആക്ഷേപമുയര്‍ന്നിരുന്നു. അശ്ലീലം, ആള്‍മാറാട്ടം ഉള്‍പ്പെടെ എട്ട് തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്ന് കണ്ടെത്തുന്ന വാര്‍ത്തകളും 2021 ലെ ഐ ടി ഇന്റര്‍മീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഏതെല്ലാം വിവരങ്ങള്‍ രാജ്യത്തെ വോട്ടര്‍മാര്‍ അറിയണമെന്ന് നിശ്ചയിക്കുന്ന ആയുധമായി ഫാക്ട് ചെക്ക് യൂനിറ്റ് മാറുമെന്ന് കുനാല്‍ കംറയുടെ അഭിഭാഷകന്‍ ദാരിയസ് ഖംബാറ്റ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാനുള്ള ജനങ്ങളുടെ അവകാശം എടുത്തുകളയുന്നതാണ് നടപടിയെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പൗരന്‍മാര്‍ എന്തെല്ലാം കാണരുതെന്ന് നിശ്ചയിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വാദിച്ചു. സര്‍ക്കാറിനെതിരായ വ്യാജ വാര്‍ത്തകള്‍ തടയുകയെന്നത് മാത്രമാണ് ഫാക്ട് ചെക്ക് യൂനിറ്റിന്റെ ലക്ഷ്യമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.