ഇലക്ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ മോദിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല: രാഹുല്‍ ഗാന്ധി
മുംബൈ | ബോളിവുഡിനെ വെല്ലുന്ന നടനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വിജയിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു .ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇ വി എം മെഷീന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ലെന്നും മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന സമാപനറാലിയില്‍ രാഹുല്‍ പറഞ്ഞു.
നമ്മുടെ പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപ്പൂരില്‍ ആ ശക്തി ആഭ്യന്തരയുദ്ധം നടത്തുകയാണ്. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹം കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത് എനിക്ക് ജയിലില്‍ പോകാന്‍ ധൈര്യമില്ല എന്നാണ്. എല്ലാവരും ഭയപ്പെട്ടാണ് പാര്‍ട്ടികള്‍ വിടുന്നത്. മാധ്യമങ്ങള്‍ രാജ്യത്തിന്റെ പ്രധാന വിഷയങ്ങളായി തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്നം, അഗ്നിവീര്‍ വിഷയം എന്നിവ ഉന്നയിക്കാത്തതിനാലാണ് ഞങ്ങള്‍ക്ക് ഈ യാത്ര നടത്തേണ്ടി വന്നത്. .ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോണ്‍ഗ്രസ് തനിച്ചല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണെന്നും അണിനിരന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.