നരേന്ദ്രമോദിയുടെ മുഖം മിനുക്കാന്‍ ശ്രമം; തീവ്ര ഹിന്ദുത്വ നേതാവ് പ്രഗ്യാസിങ് ഠാക്കൂറിന് സീറ്റില്ല


നരേന്ദ്രമോദിയുടെ മുഖം മിനുക്കാന്‍ ശ്രമം; തീവ്ര ഹിന്ദുത്വ നേതാവ് പ്രഗ്യാസിങ് ഠാക്കൂറിന് സീറ്റില്ല

ഭോപ്പാല്‍ | തീവ്ര വര്‍ഗീയതയുടെ പേരില്‍ കുപ്രസിദ്ധയായ പ്രഗ്യാസിങ് ഠാക്കൂറിന് ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ ബി ജെ പി. വീണ്ടും അധികാരത്തിലെത്താന്‍ മുഖം മിനുക്കുന്നതിന്റെ ഭാഗമാണ് ഇവര്‍ക്കു സീറ്റു നല്‍കാത്തത് എന്നാണ് കരുതുന്നത്.


മലേഗാവ് ഹിന്ദുത്വ സ്‌ഫോടന കേസില്‍ മുഖ്യ പങ്കാളിയെന്ന് ആരോപണം ഉയര്‍ന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിക്കുകയും രാഷ്ട്ര പിതാവിന്റെ ഘാതകന്‍ ഗോഡ്‌സെയെ പുകഴ്ത്തുകയും ചെയ്തു. എന്നും തീവ്ര വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്ന ബി ജെ പി നേതാവാണ് പ്രഗ്യാസിങ്ങ് ഠാക്കൂര്‍.


മധ്യപ്രദേശില്‍ ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഭോപ്പാല്‍ സിറ്റിങ് എംപിയായിരുന്നു പ്രഗ്യാ സിങിനെ ഒഴിവാക്കി. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലേക്ക് 24 ഇടത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 2019-ല്‍ 28 സീറ്റുകളും ബി ജെ പി നേടിയിരുന്നു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്.


സിറ്റിങ് എം പിമാരില്‍ ആറ് പേര്‍ക്കാണ് സീറ്റ് നിഷേധിച്ചത്. വിദിഷയില്‍ നിന്നാണ് ശിവരാജ് സിങ് ചൗഹാന്‍ ജനവിധി തേടുന്നത്. സംസ്ഥാനത്തെ ബി ജെ പി കോട്ടയാണ് വിദിഷ. 1991ല്‍ അടല്‍ ബിഹാരി വാജ്പേയിയും 2009ലും 2014ലും മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജും ഇവിടെ നിന്നാണു വിജയിച്ചത്. ഗുണയില്‍ നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുക.


സാധ്വി പ്രഗ്യ എന്നറിയപ്പെടുന്ന പ്രഗ്യസിങ് താക്കൂര്‍ കോളജ് പഠനകാലത്ത് എ ബി വി പിയിലൂടെ ആര്‍ എസ് എസിലും സംഘപരിവാര്‍ സംഘടനകളിലും എത്തി. 2008ല്‍ 10 പേര്‍ കൊല്ലപ്പെടുകയും 82 പേര്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്ത മലേഗാവ് സ്ഫോടനത്തിലെ പ്രതിയായെങ്കിലും ബി ജെ പി തള്ളിപ്പറഞ്ഞില്ല. സ്‌ഫോടനത്തില്‍ ബോംബ് സ്ഥാപിക്കാന്‍ ഇവരുടെ പേരിലുള്ള ബൈക്കാണ് ഉപയോഗിച്ചത്. 2017 ല്‍ ദേശീയ അന്വേഷണ ഏജന്‍സി ഗുരുതരമായ ചില കുറ്റങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ അവര്‍ക്ക് ജാമ്യം ലഭിച്ചു. ബി ജെ പി തീവ്ര ഹിന്ദുത്വത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുകയും മത ധ്രുവീകരണത്തിന് ഉപയോഗിക്കുകയും ചെയ്ത നേതാവ് സാധ്വി പ്രഗ്യ.


2009 ജനുവരി 19ന് മഹാരാഷ്ട്ര പോലീസ് മലേഗാവ് സ്ഫോടനത്തിന് 4,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ഈ കുറ്റപത്രം പ്രകാരം സ്ഫോടകവസ്തുക്കള്‍ നല്‍കിയ പ്രധാന സൂത്രധാരന്‍ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതായിരുന്നു. സ്ഫോടകവസ്തു സ്ഥാപിച്ചവരെ ക്രമീകരിച്ചത് പ്രഗ്യ ആണെന്നും വെളിപ്പെടുത്തി.

2008ലെ മാലേഗാവ്, അജ്മീര്‍ ദര്‍ഗ , സംഝോത എക്സ്പ്രസ് സ്ഫോടനങ്ങളിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാള്‍ പ്രഗ്യ ആണെന്ന് തടവില്‍ കഴിഞ്ഞ സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തുകയും ചെയ്തു.


ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിനു 2019 ല്‍ പാര്‍ലിമെന്റിന്റെ പ്രതിരോധ സമിതിയില്‍ നിന്നും ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും അവരെ ഒഴിവാക്കിയിരുന്നു. ഗോമൂത്രവും പഞ്ചഗവ്യയും ഉപയോഗിച്ചാണു തന്റെ സ്തനാര്‍ബുദം ഭേദമായതെന്ന ഇവരുടെ പ്രസ്താവന അടുത്തയിടെ വിവാദമായിരുന്നു. മുസ്്‌ലിം സ്ത്രീകള്‍ ഹിജാബ് ധിരിക്കുന്നതിനെതിരെയും ഇവര്‍ വിവാദ പ്രസ്താവന നടത്തി.


Previous Post Next Post