പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടുമായി അച്ചു ഉമ്മന്‍
തിരുവനന്തപുരം | പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍.
പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും. എന്നാല്‍ അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിനില്ല. ബാല്യകാലം മുതലുള്ള സുഹൃത്താണ് അനില്‍ ആന്റണി എന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നുമാണ് അച്ചു ഉമ്മന്‍ പറയുന്നത്.
കോണ്‍ഗ്രസ് സമുന്നത നേതാക്കളായിരുന്നു എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും സുഹൃത്തുക്കളുമായിരുന്നു. കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാലും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. പത്മജ വേണുഗോപാലും അനില്‍ ആന്റണിയും സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്യാന്‍ തയ്യാറല്ലെന്ന നിലപാടുമായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു. പത്മജയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിന്റെ നിലപാടിനെ ചാണ്ടി ഉമ്മന്‍ തള്ളിക്കളഞ്ഞിരുന്നു.
മോഡലിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന അച്ചു ഉമ്മന്‍ ദുബൈ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചപ്പോള്‍ പ്രചാരണ രംഗത്ത് അച്ചു ഉമ്മന്‍ സജീവമായി ഇറങ്ങിയിരുന്നു.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സിറ്റിംഗ് എം പി ആന്റോ ആന്റണിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന്റെ പ്രചാരണത്തിന് എത്തില്ല എന്ന അച്ചു ഉമ്മന്റെ നിലപാട് പാര്‍ട്ടിയില്‍ ചോദ്യചിഹ്നമായിട്ടുണ്ട്. മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്ക് ആണ് ഇടതു സ്ഥാനാര്‍ഥി. ക്രൈസ്തവ സഭകളുടെ പിന്‍തുണ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അനില്‍ ആന്റണി ഇവിടെ മത്സരത്തിനെത്തിയത്.