മദ്രാസ് അക്കാദമി വിവാദം: ടി എം കൃഷ്ണക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍
ചെന്നൈ | മദ്രാസ് അക്കാദമി വിവാദത്തില്‍ കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തിലും കലര്‍ത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റാണ്. കൃഷ്ണക്കും അക്കാദമിക്കും അഭിനന്ദനമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ടി എം കൃഷ്ണക്ക് ഈ വര്‍ഷം മദ്രാസ് സംഗീത അക്കാദമിയുടെ സംഗീത കലാനിധി അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ കര്‍ണാടകക്ക് അകത്തും പുറത്തുമുള്ള ചില സംഗീതജ്ഞര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചിലര്‍ അക്കാദമി ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.
പെരിയാര്‍ ഇ വി രാമസാമി പോലെയുള്ള വ്യക്തിത്വത്തെ കൃഷ്ണ മഹത്വവത്ക്കരിക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചാണ് രഞ്ജിനി, ഗായത്രി തുടങ്ങിയവര്‍ രംഗത്തെത്തിയത്. ഈ വര്‍ഷം അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തില്‍ നിന്നും കച്ചേരികളില്‍ നിന്നും തങ്ങള്‍ പിന്മാറുമെന്ന് ട്രിച്ചൂര്‍ ബ്രദേഴ്‌സും വ്യക്തമാക്കിയിരുന്നു.
രഞ്ജിനി-ഗായത്രിമാര്‍ക്കു പിന്നാലെ ഗായകന്‍ വിശാഖ ഹരിയും കൃഷ്ണക്കെതിരെ രംഗത്തെത്തി. മ്യൂസിക് അക്കാദമി സംഗീതോത്സവം ബഹിഷ്‌കരിക്കുമെന്ന് ഇവര്‍ അറിയിച്ചു. 2017-ല്‍ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ലഭിച്ച ചിത്രവീണ രവികിരണ്‍ പ്രതിഷേധ സൂചകമായി പുരസ്‌കാരം തിരികെ നല്‍കുമെന്ന് എക്‌സില്‍ അറിയിച്ചു.