പേരാമ്പ്ര യുവതിയുടെ മരണം: അന്വേഷണം കൊലപാതകമാണെന്നനിലയില്‍
പേരാമ്പ്ര | വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന സംശയത്തില്‍ പോലീസ്. അനുവിന്റെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ അനു കൊല്ലപ്പെട്ടതാണോയെന്ന സംശയത്തിലാണ് അന്വേഷണസംഘം.
തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നുപോയ അനു വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തി. അനുവിന്റെ ശരീരത്തില്‍ നിന്നും സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനാണ് യുവതി വീട്ടില്‍ നിന്നും പുറപ്പെട്ടത്. ഒരു ബൈക്കിന്റെ പിന്നില്‍ അനു യാത്ര ചെയ്യുന്നത് കണ്ടുവെന്ന് നാട്ടുകാരി പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൈക്കുകാരനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഭര്‍ത്താവ് കാത്തു നില്‍ക്കാം എന്നു പറഞ്ഞ മുളിയങ്ങള്‍ എന്ന സ്ഥലത്തേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ ബൈക്കില്‍ കയറിയതാണോ എന്നാണ് പോലീസിന്റെ സംശയം.
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണെന്നാണ് ലഭിച്ച സൂചന. എന്നാല്‍ തോട്ടില്‍ ഒരാള്‍ സാധാരണഗതിയില്‍ മുങ്ങിമരിക്കാനുള്ള വെള്ളം ഉണ്ടായിരുന്നില്ലെന്നും നടന്നുപോകുമ്പോള്‍ തോട്ടിലേക്ക് വീഴാനുള്ള സാധ്യത കുറവാണെന്നും ആണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. മോഷണശ്രമത്തനിടെ യുവതി തോട്ടിലേക്ക് വീണതാണോയെന്നും പോലീസ് സംശയിക്കുന്നു. തലയില്‍ പരുക്കുമുണ്ടായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി കെഎം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.