വിവിധ സംസ്ഥാനങ്ങളിലെ വർധിപ്പിച്ച വേതനം (ബ്രാക്കറ്റിൽ നിലവിലെ വേതനം)

തൊഴിലുറപ്പ്‌ കൂലി കൂട്ടിയെന്ന് കേന്ദ്രം; കേരളത്തിനോട്‌ കാട്ടിയത് കൊടിയ അവഗണന; മറ്റു സംസ്ഥാനങ്ങളിൽ 10% വർധിപ്പിച്ചപ്പോൾ കേരളത്തിന്‌ 3.9% മാത്രം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം കേന്ദ്ര സർക്കാർ പുതുക്കിയപ്പോൾ കേരളത്തോട്‌ അവഗണന. ചില സംസ്ഥാനങ്ങൾക്ക്‌ 10 ശതമാനത്തിലേറെ വർധിപ്പിച്ചു. ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന കേരളത്തിന്‌ വർധിപ്പിച്ചതാകട്ടെ 3.9 ശതമാനം മാത്രം. മറ്റു സംസ്ഥാനങ്ങൾക്ക്‌ 25 രൂപമുതൽ 34 രൂപവരെ കൂടുമ്പോൾ കേരളത്തിൽ 13 രൂപമാത്രം (333- 346). കുടിശ്ശികയുള്ള 750 കോടിയും കേന്ദ്രം അനുവദിക്കുന്നില്ല.

തൊഴിലുറപ്പ്‌ പദ്ധതിയിൽ കേരളം കഴിഞ്ഞ വർഷം 9.65 കോടി തൊഴിൽ ദിനം നേടി. രാജ്യത്ത്‌ ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴിൽദിനം 51.47, കേരളം – 67.35 ആണ്‌. വനിതകൾക്ക് – 58.96%, കേരളത്തിൽ 89.27%. പട്ടികവർഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽ ദിനങ്ങൾ നൽകുന്ന കേരളാ ട്രൈബൽ പ്ലസ്സ് പദ്ധതിയിലും മികവ്‌. പദ്ധതിനിർവഹണത്തിൽ കൈവരിച്ച ഈ നേട്ടങ്ങളൊന്നും കണ്ടില്ലെന്ന്‌ നടിച്ചാണ്‌ വേതനവർധനയിലും കേരളത്തെ അവഗണിച്ചത്‌. കേരളത്തോടുള്ള കടുത്ത അവഗണനയിലും വിവേചനത്തിലും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

കർണാടകം- 316 രൂപയിൽനിന്ന്‌ 349 രൂപ. വർധന: 33 രൂപ , തമിഴ്നാട്‌- 25 രൂപ (8.5 ശതമാനം), ഗോവ- 34 രൂപ (10.56 ശതമാനം) , തെലങ്കാന- 28 രൂപ (10.29 ശതമാനം), ആന്ധ്ര- 28 രൂപ (10.29 ശതമാനം)

തൊഴിലുറപ്പ് : കേരളത്തോട്‌ വിവേചനം തുടർക്കഥ
തൊഴിലുറപ്പ്‌ പദ്ധതിയിൽ മറ്റു സംസ്ഥാനങ്ങൾക്ക്‌ മാതൃകയായ നേട്ടം കൈവരിക്കുമ്പോഴും കേരളത്തോടുള്ള അവഗണന തുടരുന്നതിന്റെ അവസാന ഉദാഹരണമാണ്‌ കൂലി വർധനയിലെ വിവേചനം. തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം കേരളം ഉയർത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിലാണ്‌ പിൻവലിച്ചത്‌. ഇതിനു പിന്നാലെയാണ്‌ മറ്റുസംസ്ഥാനങ്ങൾക്ക്‌ അനുവദിച്ച വേതനവർധന കേരളത്തിനു നിഷേധിച്ചത്‌.

വിവേചനം അവസാനിപ്പിക്കണം: എം ബി രാജേഷ്‌
ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന സംസ്ഥാനത്തിന്‌ ഏറ്റവും കുറഞ്ഞ കൂലി വർധനയെന്ന നിലപാട്‌ വിവേചനപരമാണെന്നും കേന്ദ്ര സർക്കാർ അടിയന്തരമായി തിരുത്തണമെന്നും മന്ത്രി എം ബി രാജേഷ്‌ ആവശ്യപ്പെട്ടു. ജനുവരിമുതലുള്ള കുടിശ്ശികയും അനുവദിക്കണം. ആറു കോടി തൊഴിൽദിനമായിരുന്നത്‌ കടുത്ത സമ്മർദത്തെതുടർന്നാണ്‌ 10.50 കോടിവരെ എത്തിയത്‌. 9.88 കോടി തൊഴിൽദിനം സൃഷ്ടിച്ചുകഴിഞ്ഞു. യുഡിഎഫ് എംപിമാരുടെ ഇടപെടൽ വേണ്ടത്ര ഇല്ലാതെപോയത്‌ വിനയായെന്നും എം ബി രാജേഷ്‌ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ വർധിപ്പിച്ച വേതനം (ബ്രാക്കറ്റിൽ നിലവിലെ വേതനം)
കേരളം 346 (333), ആന്ധ്രപ്രദേശ് 300 (272), അരുണാചൽ പ്രദേശ് 234 (224), അസം 249 (238), ബിഹാർ 245 (228), ഛത്തീസ്‌ഗഢ്‌ 243 (221), നാഗാലാൻഡ് 234 (224), ഗോവ 356 (322), ഗുജറാത്ത് 280 (256), ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295 (224), ഹിമാചൽപ്രദേശ് നോൺ ഷെഡ്യൂൾഡ് ഏരിയ 236 (280), ജമ്മു കശ്മീർ 259 (244), ലഡാക്ക് 259 (244), ജാർഖണ്ഡ് 245 (228), കർണാടകം 349 (316), , മധ്യപ്രദേശ് 243 (221), മഹാരാഷ്ട്ര 297 (273), മണിപ്പുർ 272 (260), മേഘാലയ 254 (238), മിസോറം 266 (249), ഒഡിഷ 254 (237), പഞ്ചാബ് 322 (303), രാജസ്ഥാൻ 266 (255), സിക്കിം 249 (236), സിക്കിമിലെ മൂന്ന്‌ പഞ്ചായത്തിൽ 374 (354), തമിഴ്നാട് 319 (294), തെലങ്കാന 242 (272), ഉത്തരാഖണ്ഡ് 237 (230), പശ്ചിമ ബംഗാൾ 250 (237), ആൻഡമാൻ ജില്ല 329 (311), നിക്കോബാർ ജില്ല 347 (328), ദാദ്ര നഗർ ഹവേലി ദാമൻ ദിയു 324 (297), ലക്ഷദ്വീപ് 315 (304), പുതുച്ചേരി 319 (294).
Previous Post Next Post