'പണം ലഭിച്ചത് ബിജെപിക്ക്, അറസ്റ്റ് ചെയ്യേണ്ടത് ജെ പി നദ്ദയെ'; ഇ ഡി മാപ്പുസാക്ഷിക്കെതിരെ എഎപി

'പണം ലഭിച്ചത് ബിജെപിക്ക്, അറസ്റ്റ് ചെയ്യേണ്ടത് ജെ പി നദ്ദയെ'; ഇ ഡി മാപ്പുസാക്ഷിക്കെതിരെ എഎപി
 
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി മാപ്പുസാക്ഷിക്കെതിരെ ഗുരുതര ആരോപങ്ങളുമായി ആം ആദ്മി പാര്‍ട്ടി. കേസിൽ പ്രതിയായ ശരത് ചന്ദ്ര റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായെന്നും ഇയാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതെന്നും ഡൽഹി മന്ത്രി അതിഷി മർലേന ആരോപിച്ചു. മദ്യനയക്കേസിൽ പണം യഥാർത്ഥത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്കാണ് ലഭിച്ചതെന്നും അതിഷി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി സിബിഐ, ഇഡി അന്വേഷണങ്ങൾ നടക്കുന്നു. ഈ രണ്ട് വർഷത്തിനിടയിൽ പണം ആര് കൊടുത്തു, പണം എങ്ങോട്ട് പോയി എന്ന ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയർന്നുവരുന്നു. ആം ആദ്മി പാർട്ടിയുടെ ഒരു നേതാവിൽ നിന്നോ, മന്ത്രിയിൽ നിന്നോ, പ്രവർത്തകനിൽ നിന്നോ പണം കണ്ടെത്തിയിട്ടില്ലെന്നും അതിഷി പറഞ്ഞു.

ഒരേ ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്‍രിവാളിനെ രണ്ട് ദിവസം മുമ്പ് ഇതേ കേസിൽ അറസ്റ്റ് ചെയ്തത്. അരബിന്ദോ ഫാർമയുടെ ഉടമയായ ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2022 നവംബർ 9ന് ചോദ്യം ചെയ്തപ്പോൾ താൻ അരവിന്ദ് കെജ്‍രിവാളുമായി ഒരിക്കലും കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും ശരത് ചന്ദ്രൻ വ്യക്തമായി പറഞ്ഞു. അടുത്ത ദിവസം അയാളെ ഇഡി അറസ്റ്റ് ചെയ്തു. ഏറെ മാസങ്ങൾ ജയിലിൽ കിടന്ന ശേഷം അയാൾ മൊഴിമാറ്റി. അരവിന്ദ് കെജ്‌രിവാളിനെ കണ്ടുവെന്ന് പറഞ്ഞയുടൻ ശരത് ചന്ദ്രന് ജാമ്യം ലഭിച്ചുവെന്നും അതിഷി ആരോപിച്ചു.

ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് 55 കോടി നൽകിയതായും എഎപി ആരോപിച്ചു. ബോണ്ട് വാങ്ങിയത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യേണ്ടത് എഎപി നേതാക്കളെയല്ല ജെ പി നദ്ദയെയാണ് എന്നും അതിഷി അഭിപ്രായപ്പെട്ടു.
Previous Post Next Post