ആദിവാസി വിഭാഗത്തില്‍ നിന്നുള്ള യുവ ക്രിക്കറ്റ് താരം റോബിന്‍ മിന്‍സിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റു
അഹമ്മദാബാദ് | യുവ ക്രിക്കറ്റ് താരം റോബിന്‍ മിന്‍സിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റു. ഐ പി എല്‍ താരലേലത്തില്‍ 3.60 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് റോബിന്‍ മിന്‍സിനെ ടീമിലെത്തിച്ചിരുന്നു. ഐ പി എല്‍ ടീമിലെത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ താരം കൂടിയാണ് റോബിന്‍ മിന്‍സ്.
റോബിന്‍ ഓടിച്ച കാവസാക്കിയുടെ സൂപ്പര്‍ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ റോബിന്‍ മിന്‍സിന്റെ ബൈക്ക് മുന്‍വശം പൂര്‍ണമായി തകര്‍ന്നുവെന്ന് പിതാവ് ഫ്രാന്‍സിസ് മിന്‍സ് പറഞ്ഞു.
പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോബിന്‍ മിന്‍സ് നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷ ണത്തിലാണെന്നും പിതാവ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ കൂടിയായ യുവതാരം റോബിന്‍ മിന്‍സിനെ ഐ പി എല്‍ താരലേലത്തില്‍ 3.60 കോടി രൂപക്ക് സ്വന്തമാക്കിയത് ചര്‍ച്ചയായിരുന്നു.
എം എസ് ധോണിയുടെ കടുത്ത ആരാധകന്‍ കൂടിയായ റോബിന്‍ മിന്‍സ് ഇടം കൈയന്‍ ബാറ്ററാണ്. ധോണിയുടെ പരിശീലകനായിരുന്ന ചഞ്ചല്‍ ഭട്ടചാര്യയാണ് റോബിന്‍ മിന്‍സിന്റെ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കിയത്. ജാര്‍ഖണ്ഡിലെ ഗുംല ജില്ലക്കാരനായ മിന്‍സിനെ മുംബൈ ഇന്ത്യന്‍സ് നേരത്തെ ലണ്ടനില്‍ പരിശീലനത്തിന് അയച്ചതോടെയാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍ ശ്രദ്ധേയനായത്.