തൃശൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ വീണ്ടും അച്ചടക്ക നടപടി; ഡി.വൈ.എഫ്.ഐ. നേതാവ് പി.ബി അനൂപിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി
ഇടവേളയ്ക്ക് ശേഷം തൃശൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ വീണ്ടും അച്ചടക്ക നടപടി. ഡി.വൈ.എഫ്.ഐ. നേതാവ് പി.ബി അനൂപിനെ കേച്ചേരി ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സി.പി.എം കുന്നംകുളം ഏരിയ സമ്മേളനത്തിലെ ഏരിയ കമ്മറ്റി തെരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്ന ആരോപണത്തിന് വിധേയനായ നേതാവാണ് പി.ബി അനൂപ്. ഡി.വൈ.എഫ്.ഐ ഭാരവാഹിയായിരിക്കെ ജില്ലാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണത്തെ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ പാര്‍ട്ടി ജില്ലാ നേതൃത്വം നടപടിയൊന്നും എടുത്തിട്ടില്ല. പാര്‍ട്ടി കുന്നംകുളം ഏരിയ സമ്മേളന വിഭാഗീയതയെ തുടര്‍ന്ന് അനൂപിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നു തരംതാഴ്ത്തിയിരുന്നുവെങ്കിലും ഘടകം തീരുമാനിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഏരിയാ കമ്മറ്റി യോഗത്തിലാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലാ കമ്മറ്റിയില്‍ നിന്നു ഒഴിവാക്കപ്പെട്ട അനൂപ് ഘടകം നിശ്ചയിക്കാത്തത് കാരണം പാര്‍ട്ടി പ്രവര്‍ത്തന വേദികളില്‍ സജീവമായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എല്‍.ഡി.എഫ് കേച്ചേരി മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അനൂപ് പങ്കെടുത്തിരുന്നു.