കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ബെംഗളുരു| കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ ബിജെപി വിട്ട് മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സദാനന്ദ ബിജെപി വിടാനൊരുങ്ങുന്നതെന്നാണ് വിവരം. മൈസൂരുവില്‍ വൊക്കലിഗ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. വൊക്കലിഗ സമുദായംഗമാണ് സദാനന്ദ ഗൗഡ.

2014 മുതല്‍ ബെംഗളുരു നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു ദക്ഷിണ കന്നടയില്‍ നിന്നുള്ള സദാനന്ദ ഗൗഡ. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ സദാനന്ദ ഗൗഡയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ റെയില്‍വേ മന്ത്രിയായിരുന്നു സദാനന്ദ ഗൗഡ. പിന്നീട് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും അദ്ദേഹത്തെ മാറ്റി. പാര്‍ട്ടിയുടെ നടപടികളെ വിമര്‍ശിച്ച് അടുത്തിടെ അദ്ദേഹം പരസ്യ പ്രതികരണം നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് ബിജെപിയില്‍ വീണ്ടും തിരിച്ചെത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെലഗാവിയില്‍നിന്ന് അദ്ദേഹം മത്സരിച്ചേക്കും.
Previous Post Next Post