ഇടുക്കിയില്‍ സര്‍വകക്ഷി യോഗം ചേരും; സര്‍ക്കാര്‍ മരണപ്പെട്ടയാളുടെ കുടുംബത്തിനൊപ്പമെന്ന് വനം മന്ത്രി
തിരുവനന്തപുരം | വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ശനിയാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിന് പിറകെയാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനമായത്. സര്‍ക്കാര്‍ മരണപ്പെട്ട ആളുടെ കുടുംബത്തിനൊപ്പമാണ്. കഴിയുന്നത്ര സഹായം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വനംമന്ത്രി പറഞ്ഞു.
വയനാട്ടിലേതിന് സമാനമായി സുരക്ഷാ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇടുക്കിയിലും ശക്തമാക്കും. 1972 ല്‍ പാസ്സാക്കിയ വന്യജീവി സംരക്ഷണത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന് മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.