തൊഴിലുറപ്പ് വേതനം ആറ് ശതമാനംവരെ ഉയരും; വേതന വര്‍ധനവിന് കേന്ദ്രത്തിന് അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തൊഴിലുറപ്പ് വേതനം ആറ് ശതമാനംവരെ ഉയരും; വേതന വര്‍ധനവിന് കേന്ദ്രത്തിന് അനുമതി നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി |  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്

അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും . കമ്മീഷന്റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്ററി കമ്മിറ്റിയാണ് വേതനവര്‍ധനവിന് ശിപാര്‍ശ നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലുമായി ശരാശരി 5 മുതല്‍ ആറുശതമാനം വരെ വേതന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നാണ് 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
Previous Post Next Post