റേഷന്‍ കാര്‍ഡ് മസ്റ്ററിങില്‍ ധൃതിവേണ്ട; പ്രശ്‌നം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുവെന്ന് ഭക്ഷ്യവകുപ്പ്

റേഷന്‍ കാര്‍ഡ് മസ്റ്ററിങില്‍ ധൃതിവേണ്ട; പ്രശ്‌നം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുവെന്ന് ഭക്ഷ്യവകുപ്പ്

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. സെര്‍വര്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിച്ച ശേഷമേ മസ്റ്ററിങ് നടത്താനാകൂ എന്ന് കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആര്‍ക്കും റേഷന്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഈ മാസം 15,16,17 തിയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിര്‍ത്തിവച്ച് മസ്റ്ററിങ്ങ് നടത്താനുള്ള ക്രമീകരണം സംസ്ഥാന ഭക്ഷ്യ വകുപ്പ് ഒരുക്കിയിരുന്നു. എന്നാല്‍ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിങ് സുഗമമായി നടത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മസ്റ്ററിങ് താല്‍കാലികമായി നിര്‍ത്തിവെക്കന്‍ വകുപ്പ് തീരുമാനിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇ പോസ് മെഷീനിലെ തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈദരാബാദ് എന്‍.ഐ.സിയും സംസ്ഥാന ഐടി മിഷനും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തകരാര്‍ പൂര്‍ണമായി പരിഹരിച്ചശേഷം മസ്റ്ററിങ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്. സെര്‍വര്‍ തകരാര്‍ പരിഹരിച്ചശേഷം പരീക്ഷണാടിസ്ഥാനത്തില്‍ മസ്റ്ററിങ് നടത്തും. ഇത് വിജയകരമായാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ റേഷന്‍ വിതരണത്തിനൊപ്പം മസ്റ്ററിങും നടത്തും. ഒരു കോടി അമ്പത്തിനാല് ലക്ഷത്തോളം മഞ്ഞ- പിങ്ക് കാര്‍ഡ് ഉടമകള്‍ മസ്റ്ററിങ് നടത്താനുണ്ട്. ഇതില്‍ 22 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് നിലവില്‍ മസ്റ്ററിങ് ചെയ്യാനായത്. കേന്ദ്രം അനുവദിച്ച സമയത്തിനകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകില്ലെന്ന് സംസ്ഥാനം നേരത്തെ അറിയിച്ചിരുന്നു. ഇ പോസ് മെഷീന്‍ തുടര്‍ച്ചതായി തകരാറിലാകുന്നത് കൂടി കണക്കിലെടുത്താണ് ഭക്ഷ്യവകുപ്പ് മസ്റ്ററിങില്‍ ധൃതി വേണ്ടെന്ന നിലപാടെടുത്തത്.
Previous Post Next Post