അനുവിന്റെ കൊലപാതകം ; ആഭരണം വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരനും അറസ്റ്റില്‍

അനുവിന്റെ കൊലപാതകം ; ആഭരണം വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരനും അറസ്റ്റില്‍
കോഴിക്കോട് | പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരനെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി അബൂബക്കര്‍ ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം മുഖ്യപ്രതി മുജീബ് റഹ്മാന്‍ അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാനായി അബൂബക്കറിനെ ഏല്‍പിക്കുകയായിരുന്നു. ഇയാള്‍ ആഭരണം വില്‍ക്കാനെത്തിയ ജ്വല്ലറിയിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി.

ഇതിനിടെ മുഖ്യപ്രതി മുജീബ്‌റഹ്മാനെ പേരാമ്പ്ര സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനക്ക് വിധേയമാക്കിയ പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.മാര്‍ച്ച് 11 നാണ് അനുവിനെ കാണാതാകുന്നത്. തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ട് പോകാനിറങ്ങിയ അനുവിനെ പ്രതിയായ മുജീബ് ബൈക്കില്‍ കയറ്റി. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടിലേക്ക് തള്ളിയിട്ട് തല വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി അനുവിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആഭരണങ്ങള്‍ എടുത്ത് കടന്നുകളയുകയായിരുന്നു.

ചൊവ്വാഴ്ചയാണ് നാട്ടുകാര്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തിയ തോട്ടില്‍ മുങ്ങിമരിക്കാന്‍ മാത്രമുള്ള വെള്ളം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ഉയര്‍ന്നു. പിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ശനിയാഴ്ച രാത്രിയോടെയാണ് മലപ്പുറത്ത് നിന്ന് പ്രതിയായ മുജീബ്‌റഹ്മാനെ പോലീസ് പിടികൂടുന്നത്. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കണ്ണൂര്‍ മട്ടന്നൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയാണ് ഇയാള്‍ അനുവിനെ കൊലപ്പെടുത്തിയത്. മുഖ്യപ്രതിയായ മുജീബ് റഹ്മാനെതിരെ ബലാത്സംഗം ഉള്‍പെടെ 55 കേസുകള്‍ നിലവിലുണ്ട്.
Previous Post Next Post