കൊടുങ്ങല്ലൂരിൽ പൊറോട്ട വാങ്ങിയയാളോട് പണം ചോദിച്ച ഹോട്ടലുടമക്ക് മർദനം
കൊടുങ്ങല്ലൂരിൽ പൊറോട്ട വാങ്ങിയയാളോട് പണം ചോദിച്ചതിന് ഹോട്ടലുടമക്ക് മർദനം. എസ്.എൻ. പുരം പള്ളിനടയിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂർ വാല കഫേ ഉടമ പതിയാശേരി സ്വദേശി പുല്ലാനി സുബൈറിന് (58)ആണ് മർദനമേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം. പൊറോട്ട വാങ്ങിയ ശേഷം ഗൂഗിൾ പേയിലൂടെ അയച്ചുവെന്നായിരുന്നു പൊറോട്ട വാങ്ങിയയാളുടെ വാദം. എന്നാൽ അക്കൗണ്ടിൽ പണം കയറിയില്ല. ഇത് ചോദിച്ചതോടെ തർക്കത്തിലാവുകയായിരുന്നു. പിന്നെ ഇരുവരും തമ്മിൽ അടിപിടിയിലായി. സാരമായി പരിക്കേറ്റ സുബൈറിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.