നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍
തിരുവനന്തപുരം | രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. റിട്ട് ഹരജിയാണ് നല്‍കിയത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ത്തു. ഗവര്‍ണറും എതിര്‍ കക്ഷിയാണ്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു ഹരജിയാണിത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ചില ബില്ലുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവ രാഷ്ട്രപതിയുടെ പരിഗണനക്കു വിട്ടിരുന്നു. എന്നാല്‍, ഇതില്‍ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സംസ്ഥാനം നല്‍കിയ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ ഉള്‍പ്പെടെ തീരുമാനമുണ്ടായിട്ടില്ല.