മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് കെ കവിത സുപ്രീം കോടതിയില്‍

മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് കെ കവിത സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി | മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് ബിആര്‍എസ് നേതാവ് കെ കവിത സുപ്രീം കോടതിയെ സമീപിച്ചു. സഹോദരനും ബിആര്‍എസ് നേതാവുമായ കെടി രാമറാവു കസ്റ്റഡിയിലുള്ള കവിതയെ കണ്ടതിന് ശേഷമാണ് നീക്കം.

ബി ജെ പി രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് മുന്‍ തെലങ്കാന മന്ത്രി കൂടിയായ കെ ടി രാമറാവു കുറ്റപ്പെടുത്തിയിരുന്നു. കേസ് മാര്‍ച്ച് 19-ന് പുനഃപരിശോധിക്കാനിരിക്കെ തിടുക്കത്തില്‍ അറസ്റ്റ് നടത്തിയതെന്തിനെന്ന് ഇഡി സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ടി വരുമെന്നും നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് കവിതയെ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 23 വരെ കവിതയെ ഇഡി കസ്റ്റഡിയില്‍ വിട്ടു.
Previous Post Next Post