അയയാതെ നെതന്യാഹു; റഫാ ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ല
ജറൂസലം | അന്താരാഷ്ട്ര ശക്തികളുടെ അഭ്യർഥനകൾ മാനിക്കാതെ റഫാ ആക്രമണവുമായി ഇസ്‌റാഈൽ മുന്നോട്ട്. തെക്കൻ ഗസ്സയിലെ റഫയിൽ ഇസ്‌റാഈൽ സൈന്യം ആസൂത്രിതമായി കരയാക്രമണം നടത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് വ്യക്തമാക്കി.
യുദ്ധത്തിന്റെ മുഴുവൻ ലക്ഷ്യവും സാക്ഷാത്കരിക്കുന്നതിന് ഒരു അന്താരാഷ്ട്ര സമ്മർദത്തിനും തങ്ങളെ തടുക്കാനാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഉന്മൂലനം ചെയ്യും. ഞങ്ങളുടെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കും. ഗസ്സ ഇനി ഒരു തരത്തിലും ഇസ്‌റാഈലിനെതിരെ ഭീഷണി ഉയർത്തില്ലെന്ന് ഉറപ്പാക്കുകയാണ് റഫാ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വീഡിയോയിൽ നെതന്യാഹു പറഞ്ഞു.
അഞ്ച് മാസത്തിലേറെയായി തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ ഖത്വർ തലസ്ഥാനമായ ദോഹയിൽ ഇസ്‌റാഈൽ- ഹമാസ് ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു ആവർത്തിച്ചത്. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്‌റാഈലിനെ പിന്തുണച്ച യു എസ് പ്രസിഡന്റ് ജോ ബൈഡൻ, റഫാ ആക്രമണം വലിയ സിവിലിയൻ ദുരന്തത്തിന് കാരണമാകുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസും റഫാ ആക്രമണ നീക്കത്തെ അപലപിച്ചെങ്കിലും ഇവയൊന്നും ഇസ്‌റാഈൽ ചെവികൊള്ളുന്നില്ല.
മനുഷ്യത്വത്തിന്റെ പേരിൽ റഫാ ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോകണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് ഇസ്‌റാഈലിനോട് അഭ്യർഥിച്ചിരുന്നു.
12 മരണം
ദേർ അൽ ബലാഹിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 12 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു.