പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍; അപേക്ഷ കോടതിയിലെത്തിയെന്ന് ഉറപ്പാക്കണം
തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമ (സി എ എ) പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ഗുരുതര സ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയാണ് ഉത്തരവ് ഇറക്കിയത്. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി എ എ പ്രധാന അജന്‍ഡയായി മാറിയതോടെയാണ് സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍. ഗുരുതര സ്വഭാവമുള്ളത് ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ കോടതികളില്‍ എത്തിയെന്ന് ഉറപ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സി എ എ വിജ്ഞാപനത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെയുള്‍പ്പെടെ എടുത്ത കേസുകള്‍ പിന്‍വലിക്കാത്തത് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തിയത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പന്നാലെയാണ് സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 69 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍, 629 കേസുകള്‍ ഇതുവരെ കോടതിയില്‍ നിന്ന് ഇല്ലാതായെന്നും ശേഷിക്കുന്നതില്‍ 86 കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്നും വിശദീകരിച്ച മുഖ്യമന്ത്രി, നിലവില്‍ ഒരു കേസ് മാത്രമാണ് അന്വേഷണ ഘട്ടത്തില്‍ തുടരുന്നതെന്നും വ്യക്തമാക്കിയിരുന്നു.