അസഹ്യമായ ചൂട്, ബസില്‍ കയറാന്‍ ആളില്ല; കെഎസ്ആർടിസി സ്വിഫ്റ്റില്‍ കർട്ടന്‍ പരിഗണനയില്‍
തിരുവനന്തപുരം: അസഹ്യമായ ചൂടിനെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കർട്ടൻ ഇടുന്ന കാര്യം പരിഗണിക്കുന്നു. ബസിൽ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. ഇതിലൂടെ ശക്തമായ വെയിൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ബസിൽ യാത്ര ചെയ്യാൻ ആളുകൾ മടികാണിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.
ബസുകളിൽ കർട്ടന്‍ വ്യാപകമാക്കുന്നതിലൂടെ വെയിലേൽക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കർട്ടൻ ഇട്ടിട്ടുണ്ട്. ഇത് വ്യാപിപ്പിച്ചേക്കും. നിർമ്മാണ വേളയിൽ 50 ശതമാനത്തോളം പ്രകാശം തടയാൻ കഴിയുന്ന ടിന്റഡ് ഗ്ലാസുകൾ ഉപയോഗിക്കാറുണ്ട്. ഇത് ചെലവേറിയ കാര്യമായതുകൊണ്ട് തന്നെ ഇതേക്കുറിച്ച് കെഎസ്ആർടിസി ചിന്തിച്ചിരുന്നില്ല. എന്നാൽ സ്വകാര്യ ഓപറേറ്റർമാർ കർട്ടന്‍ ഉപയോഗിക്കാറുണ്ട്.