നിറപ്പകിട്ടോടെ വിശ്വനാഥ ക്ഷേത്രോത്സവം

നിറപ്പകിട്ടോടെ വിശ്വനാഥ ക്ഷേത്രോത്സവം

ചാവക്കാട് : ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം വർണാഭമായി. ഞായറാഴ്ച വൈകീട്ട് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉൾപ്പെടെ 30 ഗജവീരൻമാർ കൂട്ടിയെഴുന്നള്ളിപ്പിനായി അണിനിരന്നതോടെ ക്ഷേത്രപരിസരം ജനസാഗരമായി. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജ, കലശം എന്നിവ ഉണ്ടായി. തുടർന്ന് ആനകളോടുകൂടിയ ശീവേലി, ഉച്ചയ്ക്ക് ക്ഷേത്രത്തിനുള്ളിൽ ശങ്കരപുരം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യമേളത്തിന്റെ അകമ്പടിയോടെ മൂന്ന് ആനകളുമായി എഴുന്നള്ളിപ്പ് എന്നിവ നടന്നു.

വൈകീട്ട് 16 കമ്മിറ്റികളുടെ പൂരങ്ങൾ ക്ഷേത്രത്തിലെത്തി. രാത്രി എട്ടരയോടെയായിരുന്നു കൂട്ടിയെഴുന്നള്ളിപ്പ്. ഗജവീരൻ വലിയപുരക്കൽ ആര്യനന്ദൻ തിടമ്പേറ്റി. തിരുവല്ല രാധാകൃഷ്ണൻ, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ നേതൃത്വത്തിൽ നൂറു കലാകാരൻമാരെ അണിനിരത്തി പാണ്ടിമേളവും ഉണ്ടായി. രാത്രി ആറാട്ടും കൊടിയിറക്കവും നടന്നതോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമായി.

ക്ഷേത്രം പ്രസിഡന്റ് പ്രധാൻ കുറ്റിയിൽ, സെക്രട്ടറി കെ.ആർ. രമേഷ്, ട്രഷറർ എ.എ. ജയകുമാർ, ജോയിന്റ് സെക്രട്ടറി കെ.എസ്. അനിൽ, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ കെ.സി. മുരളി, കൺവീനർ സുനിൽ പനക്കൽ, ജോയിന്റ് കൺവീനർ എൻ.എസ്. രത്നകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ചാവക്കാട് നഗരസഭയുമായി സഹകരിച്ച് ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരുന്നു ഉത്സവം.
Previous Post Next Post