മുജീബ് റഹ്മാന്‍ അപകടകാരിയായ കുറ്റവാളി; പത്തുമിനിട്ടിനുള്ളില്‍ കൊലപാതകവും കവര്‍ച്ചയും നടത്തി രക്ഷപ്പെട്ടു

മുജീബ് റഹ്മാന്‍ അപകടകാരിയായ കുറ്റവാളി; പത്തുമിനിട്ടിനുള്ളില്‍ കൊലപാതകവും കവര്‍ച്ചയും നടത്തി രക്ഷപ്പെട്ടു
കോഴിക്കോട് | പേരാമ്പ്ര നൊച്ചാട് യുവതിയെ പട്ടാപ്പകല്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന പ്രതി മുജീബ് റഹ്മാന്‍ കവര്‍ച്ച ലക്ഷ്യമിട്ട് പലതവണ പ്രദേശത്ത് കറങ്ങി. പത്തുമിനിട്ടിനുള്ളില്‍ കൊലപാതകവും കവര്‍ച്ചയും നടത്തി രക്ഷപ്പെട്ടു.

മോഷണമോ പിടിച്ചുപറിയോ നടത്താന്‍ ആളില്ലാത്ത ഇടറോഡ് തിരഞ്ഞെടുത്തതിന്റെ തെളിവ് പോലീസിന് ലഭിച്ചു. അനുവിന്റെ മൃതദേഹം കണ്ടെത്തിയ തോട്ടിനു സമീപത്തെ റോഡില്‍ സംഭവ ദിവസം മുജീബ് പല തവണ കടന്നുപോയതായി കണ്ടെത്തി. മട്ടന്നൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഇയാള്‍ പേരാമ്പ്ര വഴി മലപ്പുറത്തേക്ക് വരുകയായിരുന്നു. കവര്‍ച്ച ലക്ഷ്യമിട്ട് രാവിലെ ഒമ്പത് മണിക്ക് ശേഷം മുളിയങ്ങള്‍- വാളൂര്‍ അമ്പലം റോഡില്‍ മൂന്ന് തവണ കറങ്ങി.

ഇതിനിടെ ധൃതിയില്‍ നടന്നുവരുന്ന യുവതിയെ ബൈക്കില്‍ കയറ്റി. പത്തു മിനിട്ടുകൊണ്ട് അനുവിനെ കൊന്ന് തോട്ടില്‍ താഴ്ത്തുകയും ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പരിശീലനം ലഭിച്ച അപകടകാരിയായ കുറ്റവാളിയാണ് ഇയാളെന്നാണ് സംഭവം വ്യക്തമാക്കുന്നതെന്നു പോലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം ഹെല്‍മെറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. എടവണ്ണപ്പാറയില്‍ എത്തുന്നതിനിടെ ഒരിക്കല്‍ പോലും ഹെല്‍മെറ്റ് ഊരിയില്ല.

മോഷണക്കേസില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. പ്രതി സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് പരിശോധിച്ചുവരികയാണ് പോലീസ്. അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം സി സി ടി വി ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. സി സി ടി വി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിയതുമാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്.

മുജീബ് റഹ്മാന്‍ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതിയാണെന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത. കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ അനുയായി ആണ് മുജീബ് എന്നും വ്യക്തമായിട്ടുണ്ട്.
2020 സെപ്തംബറിലാണ് മുത്തേരി ബലാത്സംഗക്കേസ് നടക്കുന്നത്. കോഴിക്കോട് മുത്തേരിയില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിലെത്തി, അതില്‍ കയറ്റി കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തി എന്നതായിരുന്നു കേസ്. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ കൂടെയായിരുന്നു ഏറെ ക്കാലം മുജീബ്. മലപ്പുറത്ത് പഴയ, നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായിരുന്നു വീരപ്പന്‍ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ് മുജീബ് തനിയെ വാഹനമോഷണം തുടങ്ങി.

ഇത്രയധികം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചുരുക്കം കേസുകളില്‍ മാത്രമാണ് മുജീബ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. മുത്തേരി കേസില്‍ അറസ്റ്റിലായ മുജീബ് വെസ്റ്റ്ഹില്‍ കൊവിഡ് ഫസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് കൂത്തുപറമ്പില്‍ പിടിയിലാവുകയായിരുന്നു. ഈ കേസില്‍ ഒന്നരവര്‍ഷം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് അനുവിന്റെ കൊല നടത്തിയിരിക്കുന്നത്.
Previous Post Next Post