അച്ചടക്ക ലംഘനം: പി സി ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാമെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം | പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നു സൂചന നല്‍കി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പി സി ക്കെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പാര്‍ട്ടി എല്ലാം മനസിലാക്കുന്നു. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല. മികച്ച സ്ഥാനാര്‍ഥിയായ അദ്ദേഹം വിജയിക്കും. പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. ഏന്തെങ്കിലും പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പി സി ജോര്‍ജ് ഇപ്പോള്‍ വന്നല്ലേയുള്ളൂ, നിലവില്‍ നടപടിയെടുത്തത് വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ളവര്‍ക്കു നേരെയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നു പരസ്യ പ്രതികരണം നടത്തിയ കര്‍ഷക മോര്‍ച്ച ജിലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
എല്ലാവര്‍ക്കും താല്പര്യം പി സി ജോര്‍ജ്ജിനെ ആയിരുന്നു. എന്നാല്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാതെ അനില്‍ ആന്റണിയെ പ്രഖ്യാപിച്ചു. അനില്‍ ആന്റണി ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ല. ജില്ലാ പ്രസിഡന്റ് പൊട്ടനാണ്- എന്നീ പരാമര്‍ശം നടത്തിയതിനാണ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ബി ജെ പിയുടെ എ പ്ലസ് മണ്ഡലമായ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് പ്രവര്‍ത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അനില്‍ ആന്റണി ഒട്ടും അനുയോജ്യല്ലെന്നാണ് ജില്ലയിലെ വലിയ നേതാക്കളും പറയുന്നത്.