മുക്താര്‍ അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ലക്‌നോ| ഉത്തര്‍പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായ മുക്താര്‍ അന്‍സാരി മരിച്ചത് ഹൃദയാഘാതം കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തെ അന്‍സാരിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. അഞ്ചുഡോക്ടര്‍മാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയത്. പരിശോധനയില്‍ മരണം ഹൃദയാഘാതം മൂലമാണെന്ന് കണ്ടെത്തിയെന്ന് റാണി ദുര്‍ഗാവതി ആശുപത്രി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബന്ദയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മുക്താര്‍ അന്‍സാരി അറുപതോളം കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് എട്ടരയോടെയാണ് ജയിലില്‍നിന്ന് മുക്താര്‍ അന്‍സാരി(63)യെ ആശുപത്രിയിലെത്തിക്കുന്നത്. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്‍സാരിയുടെ ഇളയമകന്‍ ഉമര്‍ അന്‍സാരി മൃതദേഹ പരിശോധന നടക്കുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മുക്താറിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.
അന്‍സാരിയുടെ ഖബറടക്കം ഇന്ന് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ വന്‍ സുരക്ഷാ സംവിധാനത്തില്‍ നടക്കും. ജയിലിലായ മുക്താറിന്റെ മകന്‍ അബ്ബാസ് അന്‍സാരി പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. ഡല്‍ഹി എയിംസില്‍ വെച്ച് മുക്താര്‍ അന്‍സാരിയുടെ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ആവശ്യം നിരസിക്കുകയായിരുന്നു.
അതേസമയം മുക്താര്‍ അന്‍സാരിയുടെ മരണവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ബിജെപി തള്ളികളയുകയായിരുന്നു.