ജനപ്രതിനിധികള്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റം; സുപ്രീംകോടതി
ന്യൂഡല്‍ഹി|വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികള്‍ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി. കോഴ വാങ്ങുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിചാരണ നേരിടുന്നതില്‍ നിന്ന് പ്രത്യേക പരിരക്ഷ നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വോട്ടിന് കോഴയില്‍ ജനപ്രതിനിധികളെ വിചാരണയില്‍ നിന്നും ഒഴിവാക്കിയ 1998 ലെ വിധി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. എംപിക്കും എംഎല്‍എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ലഭിക്കുന്നുണ്ടെന്നും അത് കൈക്കൂലി വാങ്ങുന്നതിനുള്ള സംരക്ഷണമല്ലെന്നും കോടതി വ്യക്തമാക്കി.
കോഴക്കേസില്‍ എംപിമാരെയും എംഎല്‍എമാരെയും വിചാരണയില്‍നിന്ന് ഒഴിവാക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും സുപ്രീം കോടതി പറഞ്ഞു. 1998ലെ പി വി നരസിംഹ റാവു കേസിലെ വിധിയാണ് സുപ്രീംകോടതിയിലെ ഏഴംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിച്ചത്. നിയമ സഭയിലോ ലോക്‌സഭയിലോ പണം വാങ്ങി വോട്ടു ചെയ്താല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105 (2), ആര്‍ട്ടിക്കിള്‍ 194 പ്രകാരം പരിരക്ഷയുണ്ടെന്നായിരുന്നു നരസിംഹറാവു കേസിലെ വിധി.