സഭാ മണ്ഡലം പ്രതിനിധികളുടെ യോഗം ചേർന്നു
തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമോന്നത സമിതിയായ സഭാ മണ്ഡലം സഭയുടെ ഭരണഘടന ഭേദഗതിക്ക് വേണ്ടിയുള്ള പ്രതിനിധികളുടെ യോഗം ചേർന്നു. ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സഭയിൽ സഭാ പ്രധിനിധി മണ്ഡലം യോഗം ചേരുന്നത്. സഭാ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക പള്ളിയിൽ സഭാ പരമാധ്യക്ഷനും സഭാ മണ്ഡലം പ്രസിഡന്റുമായ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിലാണ് ഭരണഘടന ഭേദഗതിക്ക് വേണ്ടിയുള്ള സഭാ മണ്ഡലം യോഗം ചേർന്നത്. 1948 എഴുതപ്പെട്ട സഭയുടെ ഭരണഘടന ഏകദേശം എഴുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭേദഗതി നടത്തുന്നത്. സഭയിലെ വന്ദ്യരായ വൈദീക ശ്രേഷ്ഠരും, സഭാ സ്ഥാനികളും, വിവിധ ഇടവകകളിൽ നിന്നെത്തിയ സഭാ മണ്ഡല പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സഭാ വൈദീക ട്രസ്റ്റി ഫാ. പ്രിൻസ് ഐ കോലാടി യോഗത്തിൽ സ്വാഗതം പറഞ്ഞു. സഭാ കൗൺസിൽ വൈസ് പ്രസിഡന്റ് ഫാ. വർഗീസ് വാഴപ്പിള്ളി, അൽമായ ട്രസ്റ്റി ബിനോയ് പി മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് സഭാ കൗൺസിൽ പാസാക്കിയ ഭരണഘടനയുടെ അവതരണം സഭാ സെക്രട്ടറി ഗീവർ മാണി പനക്കൽ നിർവഹിച്ചു. അതിനുശേഷം ഭരണഘടന ഭേദഗതിയിന്മേലുള്ള ചർച്ചകൾക്കും മറുപടികൾക്കും ശേഷം മണ്ഡല പ്രതിനിധികൾ ഭേദഗതി ചെയ്ത ഭരണഘടന ഐക്യകണ്ഠേന പാസാക്കി. മെത്രാപ്പോലീത്തയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ടുള്ള കൽപ്പനയ്ക്ക് ശേഷം പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുമെന്ന് സഭാ സെക്രട്ടറി അറിയിച്ചു.