ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് വിചാരണ, മര്‍ദനത്തിന് വയറും കേബിളുകളും; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്


ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് വിചാരണ, മര്‍ദനത്തിന് വയറും കേബിളുകളും; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്

കല്‍പ്പറ്റ | പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാതര്‍ഥനെ ഹോസ്റ്റലില്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വിവസ്ത്രനാക്കി വിചാരണ നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചു.മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതി പോലീസിലേക്ക് പോയാല്‍ വലിയ പ്രശ്നങ്ങളുണ്ടാകും. അതിനാല്‍ പ്രശ്നം ഹോസ്റ്റലില്‍ വെച്ചു ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞാണ് വീട്ടിലേക്കു പോയ സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തുന്നത്. രഹാന്റെ ഫോണില്‍ ഡാനിഷ് ആണ് സിദ്ധാര്‍ത്ഥനെ തിരികെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തുന്നത്. എറണാകുളത്തു വെച്ചാണ് സിദ്ധാര്‍ത്ഥന് ഫോണ്‍ കോള്‍ ലഭിക്കുന്നത്.ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പല സ്ഥലത്തുവെച്ചും പല സമയത്തുവെച്ചും മര്‍ദ്ദനമുണ്ടായി. രാത്രി ഒമ്പതിന് ആരംഭിച്ച മര്‍ദ്ദനം പുലര്‍ച്ചെ രണ്ടു വരെ നീണ്ടു. ഹോസ്റ്റല്‍ റൂമില്‍ വെച്ചും മര്‍ദ്ദിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ പ്രതികളായ 18 വിദ്യാര്‍ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. ഇതിനു പുറമെ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പോലീസ് ആലോചിക്കുന്നുണ്ട്.


Previous Post Next Post