ജാസി ഗിഫ്റ്റില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പലിന്റെ നടപടിയില്‍ മന്ത്രി ആര്‍ ബിന്ദു ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം | സെന്റ് പിറ്റേഴ്സ് കോളജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഗായകന്‍ ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പലിന്റെ നടപടിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഖേദം രേഖപ്പെടുത്തി.
ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്. കലാകാരന്മാരെയും സാംസ്‌കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാള ഗാനശാഖയില്‍ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
വേദിയില്‍ ജാസി ഗിഫ്റ്റും സംഘവും പാട്ട് പാടുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ ബിനുജ ജോസഫ് മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റ് സംഭവത്തില്‍ പ്രതിഷേധിച്ച് വേദി വിടുകയായിരുന്നു. കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. ഗായകന്‍ സജിന്‍ കോലഞ്ചേരിയും അദ്ദേഹത്തി നൊപ്പമുണ്ടായിരുന്നു.