അധികാരത്തിലെത്തിയാൽ ജനാധിപത്യം തകർക്കുന്നവർക്ക് എതിരെ നടപടി; ഇത് എന്റെ ഗ്യാരണ്ടി: രാഹുൽ ഗാന്ധി

അധികാരത്തിലെത്തിയാൽ ജനാധിപത്യം തകർക്കുന്നവർക്ക് എതിരെ നടപടി; ഇത് എന്റെ ഗ്യാരണ്ടി: രാഹുൽ ഗാന്ധി
ന്യൂഡൽഹി | അധികാരത്തിലെത്തിയാൽ ജനാധിപത്യത്തെ തകർക്കുന്നവർക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുന്നതായി ഇന്ത്യ സഖ്യം നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടിക്ക് ആദായ നികുതി വകുപ്പ് 1800 കോടി രൂപയുടെ പുതിയ ഡിമാൻഡ് നോട്ടീസ് അയച്ചതിന് മറുപടിയായാണ് രാഹുൽ എക്സിൽ ഇക്കാര്യം വ്യക്തമാക്കിയത്.

“സർക്കാർ മാറുമ്പോൾ, ജനാധിപത്യം തകർക്കുന്നവർക്കെതിരെ തീർച്ചയായും നടപടിയെടുക്കും. ഇനി ഇതൊക്കെ ചെയ്യാൻ ആർക്കും ധൈര്യം വരാത്ത വിധത്തിലുള്ള നടപടി സ്വീകരിക്കും. ഇതാണ് എൻ്റെ ഉറപ്പ്” – രാഹുൽ ഗാന്ധി എഴുതി.

കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് കോൺഗ്രസിന് 1823 കോടി രൂപയുടെ പുതിയ ഡിമാൻഡ് നോട്ടീസ് നൽകിയത്. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക.

2017-18 മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി.
Previous Post Next Post