തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍
ന്യൂഡല്‍ഹി | രണ്ട് മാസത്തോളമായി കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള സമരത്തിലാണെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍. അതേസമയം ബിജെപി സര്‍ക്കാരിനെയും കര്‍ഷകവിരുദ്ധ നയങ്ങളെയും എതിര്‍ത്തുകൊണ്ടിരിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. ഫെബ്രുവരി 13നാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ ഹരിയാന അതിര്‍ത്തിയില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ഷകരെ തടഞ്ഞു. ഇതോടെ കര്‍ഷകര്‍ പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലുള്ള ശംഭുവിലും ഖനൗരിയിലുമായി ക്യാമ്പ് ചെയ്തു.

ബിജെപി സര്‍ക്കാരിനെയും നയങ്ങളെയും എതിര്‍ക്കാന്‍ കര്‍ഷകര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ അംഗം കൃഷ്ണ പ്രസാദ് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന മഹാപഞ്ചായത്തില്‍, ബിജെപിയെ എതിര്‍ക്കുമെന്നും ബിജെപി നയങ്ങളെ തുറന്നുകാണിക്കുമെന്നും ഞങ്ങള്‍ പ്രഖ്യാപിച്ചതാണെന്നും ഇതിന് വേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്താകുമ്പോള്‍ എല്ലാ പാര്‍ട്ടികളും കര്‍ഷകരെ പിന്തുണക്കും. എന്നാല്‍ അധികാരത്തിലെത്തുമ്പോള്‍ അവരെല്ലാം കോര്‍പ്പറേറ്റ് അനുകൂലികളും കര്‍ഷക വിരുദ്ധരുമായിത്തീരുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് അംഗം അഭിമന്യു കൊഹാര്‍ പറഞ്ഞു.
Previous Post Next Post