കൊടകരക്കേസില്‍ ആരു വിചാരിച്ചാലും തന്നെ പ്രതിയാക്കാനാകില്ലെന്ന് കെ സുരേന്ദ്രന്‍

കൊടകരക്കേസില്‍ ആരു വിചാരിച്ചാലും തന്നെ പ്രതിയാക്കാനാകില്ലെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം | കൊടകരക്കേസില്‍ ആരു വിചാരിച്ചാലും തന്നെ പ്രതിയാക്കാന്‍ ആകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കൊടകരയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടില്ലെന്നും അതൊരു കവര്‍ച്ചാ കേസാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ എല്‍ഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖരായ നേതാക്കളുടെയും പേരില്‍ വലിയ തോതിലുള്ള അഴിമതിക്കേസുകള്‍ ഏജന്‍സികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കള്ളപ്പണ ഇടപാടുകളും ബേങ്കുകൊള്ളയും എല്‍ഡിഎഫും യുഡിഎഫും സംയുക്തമായാണ് നടത്തിയത്. ആ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മാസപ്പടി കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും അടക്കമുളള യുഡിഎഫ് നേതാക്കാളും മാസപ്പടി വാങ്ങിയതായും സുരേന്ദ്രന്‍ ആരോപിച്ചു

2021 ഏപ്രിൽ മൂന്നിന് പുലർച്ചയാണ് തെരഞ്ഞെടുപ്പുചെലവിന് കർണാടകയിൽനിന്ന് എത്തിച്ച മൂന്നര കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തത്. പണം തട്ടിയെടുത്ത സംഘത്തിലെ സ്ത്രീകളടക്കം 22 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെത്തുകയും ചെയ്തുവെങ്കിലും ബാക്കി പണം, പണം വന്നത് എവിടെനിന്ന്, ആർക്ക് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല
Previous Post Next Post