ഇലക്ട്രല്‍ ബോണ്ട് വാങ്ങിയവരില്‍ ഡല്‍ഹി മദ്യനയക്കേസിലെ മാപ്പു സാക്ഷിയുടെ കമ്പനിയും
ന്യൂഡല്‍ഹി | ഇലക്ട്രല്‍ ബോണ്ട് വാങ്ങിയവരില്‍ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും ഉള്‍പ്പെട്ടതായിറിപ്പോര്‍ട്ടുകള്‍. പി ശരത്ചന്ദ്ര റെഡ്ഡിയുടെ കമ്പനിയാണ് ബിജെപിക്കായി ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയത്.
മദ്യനയ അഴിമതിക്കേസില്‍ അറസിറ്റിലായി അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ കമ്പനിയുടെ അഞ്ചു കോടി രൂപ ബിജെപിക്ക് ബോണ്ടായി ലഭിച്ചു.
റെഡ്ഡിയുടെ ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ ബോണ്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ 2022 നവംബര്‍ 10ന് ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലായി. എന്നാല്‍ കേസില്‍ ഇയാള്‍ മാപ്പു സാക്ഷിയായി മാറുകയായിരുന്നു. നവംവര്‍ 15ന് ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡ് അഞ്ച് കോടി രൂപയുടെ ബോണ്ടുകള്‍ ബിജെപിക്ക് നല്‍കി. ആ മാസം 21ന് ബിജെപി അത് പണമാക്കി. മാപ്പുസാക്ഷിയായി മാറിയതിനു ശേഷം നവംബര്‍ 23 ഓറോബിന്ദോ ഫാര്‍മയുടെ 25 കോടി ബോണ്ടും ബിജെപിക്ക് ലഭിച്ചു. അടുത്ത വര്‍ഷം ജൂണില്‍ റെഡ്ഡി മാപ്പുസാക്ഷിയായി.