കാരുണ്യത്തിന് ഒന്നര സെന്റ് സ്ഥലം സൗജന്യമായി സമ്മാനിച്ച് മേച്ചിനാത്ത് വളപ്പിൽ കുടുംബം
ചങ്ങരംകുളം:പതിനാലു വർഷത്തോളമായി ചങ്ങരംകുളത്ത് പ്രവർത്തനമാരംഭിച്ച കാരുണ്യം പാലിയേറ്റിവ് കെയർ &റീഹാബിലിറ്റേഷൻ സൊസൈറ്റിക്ക് കാരുണ്യത്തിന് മേച്ചിനാത്ത് വളപ്പിൽ കുടുംബം ഒന്നര സെന്റ് സ്ഥലം സൗജന്യമായി നൽകി.2011ൽ ചങ്ങരംകുളത്തെ പൗരപ്രമുഖനായ ഡോ. സർ. കെ. വി. കൃഷ്ണൻ തന്റെ പിതാവ് തൊഴുക്കാട്ട് പങ്ങു ആശാന്റെ സ്മരണക്കായി 3.77സെന്റ് സ്ഥലം സംഭാവന യായി നൽകിയ സ്ഥലത്താണ് ക്ലിനിക് പ്രവർത്തിക്കുന്നത്.ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിലായി 506 കിടപ്പ് രോഗികളെ കാരുണ്യത്തിന് കീഴിൽ ഗൃഹകേന്ദ്രീകൃത പരിചരണം നടത്തി വരുന്നുണ്ട്. ക്ലിനിക്കിന്റ മൂന്നു വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമില്ലാതെ പ്രയാസപെടുന്ന അവസ്ഥ മനസിലാക്കിയാണ് പള്ളിക്കര മേച്ചിനാത്ത് വളപ്പിൽ പരേതനായ അയമുഹാജിയുടെ മക്കളായ പരീച്ചി ഹാജി,അഹമ്മദുണ്ണി,അബ്‌ദുൾ റഷീദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വസ്തു വിൽ നിന്നും ഒന്നര സെന്റ് സ്ഥലം കാരുണ്യത്തിന് ദാനമായി നൽകിയത്.എം. വി. പരീച്ചി ഹാജിയുടെ പേരിൽ നിന്നും കാരുണ്യം വൈസ് പ്രസിഡന്റ് പി. അലി പ്രമാണം ഏറ്റുവാങ്ങി.പി. കെ. അബ്‌ദുല്ല ക്കുട്ടി,കെ.അനസ്,ജബ്ബാർ പള്ളിക്കര, കെ. രാജ്, ജബ്ബാർ ആലംകോട്, എം. വി. മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.