ഗസ്സയിലെ അല്‍ ശിഫാ ആശുപത്രിക്കെതിരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്
ഗസ്സ | ഗസ്സയിലെ അല്‍ ശിഫാ ആശുപത്രിക്കെതിരെ വീണ്ടും ആക്രമണം നടത്തി ഇസ്‌റാഈല്‍ സേന. സൈനിക ടാങ്കുകള്‍ നടത്തിയ വെടിവെപ്പില്‍ മരണങ്ങള്‍ സംഭവിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ആശുപത്രിയിലെ സര്‍ജറി ബ്ലോക്ക് കത്തിയമര്‍ന്നതായി ‘അല്‍ ജസീറ അറബിക്’ റിപോര്‍ട്ട് ചെയ്തു.
ഇത് നാലാം തവണയാണ് അല്‍ ശിഫാ ആശുപത്രിക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. നിഷ്‌കാസിതരായ സിവിലിയന്മാര്‍, പരുക്കേറ്റ രോഗികള്‍, മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 30,000ത്തോളം പേര്‍ ആശുപത്രിക്കുള്ളില്‍ കുടുങ്ങിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
അതിനിടെ, അല്‍ ജസീറ അറബികിന്റെ ലേഖകന്‍ ഇസ്മാഇല്‍ അല്‍ ഗൗലിനെ ആശുപത്രിക്കുള്ളില്‍ വെച്ച് ഇസ്‌റാഈല്‍ സേന അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഇമാദ് സകൗത്ത് ഉള്‍പ്പെടെയുള്ള ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗൗലിനെ സൈന്യം അതിക്രൂരമായി മര്‍ദിച്ചതായും സ്ത്രീകളുള്‍പ്പെടെ ആശുപത്രിയിലുണ്ടായിരുന്ന മറ്റ് നിരവധി പേരെയും അറസ്റ്റ് ചെയ്തതായും ദൃക്‌സാക്ഷികള്‍ അറിയിച്ചു.