ജനാധിപത്യത്തെ രക്ഷിക്കൂ; ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി | ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും. ലോക്‌തന്ത്ര് ബച്ചാവോ (ജനാധിപത്യത്തെ രക്ഷിക്കൂ) എന്ന ബാനറിലാണ് റാലി നടത്തുക. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് റാലി. 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ അണിനിരക്കും. ആസന്നമായ പൊതു തിരഞ്ഞെടുപ്പില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി.
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍ സി പി (ശരത്ചന്ദ്ര പവാര്‍) തലവന്‍ ശരത് പവാര്‍, ശിവസേന (യു ബി ടി) തലവന്‍ ഉദ്ധവ് താക്കറെ, മുതിര്‍ന്ന ആര്‍ ജെ ഡി നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചെംപൈ സോറന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല. മെഹബൂബ മുഫ്തി, ഡി എം കെയുടെ തിരുച്ചി ശിവ എന്നിവര്‍ക്കു പുറമെ ഇ ഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളും റാലിയില്‍ പങ്കെടുക്കും.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഭരണകക്ഷിയായ ബി ജെ പി ദുരുപയോഗം ചെയ്യുന്നതായി പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. അരവിന്ദ് കെജ്‌രിവാള്‍, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരുടെ അറസ്‌റ്റോടെയാണ് വിഷയം കൂടുതല്‍ ശക്തമായി ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.