മലയാളത്തിന്‍റെ ഭാവപൂർണിമക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

മലയാളത്തിന്‍റെ ഭാവപൂർണിമക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാള്‍. മലയാളികളെ ആസ്വാദനത്തിന്‍റെ അനന്തതയിലെത്തിച്ച ഒരുപിടി ഗാനങ്ങള്‍ പിറന്ന ഈ ശബ്ദസൗകുമര്യത്തിന് ഇന്നും ചെറുപ്പമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ആഘോഷങ്ങളില്ല. കൂട്ടുകാര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പാടാനിറങ്ങുമ്പോള്‍ മതി ആഘോഷമെന്നാണ് ഭാവഗായകന്‍റെ തീരുമാനം. തൃശൂരിലെ വീട്ടില്‍ വിശ്രമത്തിലാണെങ്കിലും അദ്ദേഹത്തെ തേടി ആശംസകളൊരൊന്നായി എത്തുന്നുണ്ട്. പിറന്നാള്‍ ദിനത്തിലെ പതിവ് ഗുരുവായൂര്‍ ദര്‍ശനം മുടങ്ങിയതില്‍ പരിഭവമുണ്ടെങ്കിലും ഗുരുവായൂരപ്പനോടുള്ള പ്രാർഥനയാണ് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് ജയചന്ദ്രൻ പറഞ്ഞു.

 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം താൽപര്യമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾതലത്തിൽ തന്നെ ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ അവിടെ സംഗീതാദ്ധ്യാപകനായിരുന്ന കെ വി രാമനാഥനാണ്‌ ആദ്യ ഗുരു. 1958ലെ യുവജനോത്സവത്തിൽ ലളിത സംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കി. അന്ന് ശാസ്ത്രീയസംഗീതത്തിൽ ഒന്നാംസ്ഥാനക്കാരനായത് പില്‍ക്കാലത്ത് ഗാനഗന്ധര്‍വനായ കെ.ജെ യേശുദാസ്. ഇരുവരും സംഗീതരംഗത്ത് പ്രഗത്ഭരായതോടെ യുവജനോത്സവ വേദിയിൽ നടത്തിയ പ്രകടനത്തിന്റെ ചിത്രം പിൽക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദംനേടിയശേഷം ജ്യേഷ്ഠനൊപ്പം മദ്രാസിലേക്ക് പോയി.1965ൽ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ പി ഭാസ്കരന്റെ രചനയില്‍ പിറന്ന ‘ഒരുമുല്ലപ്പൂമാലയുമായ് ’ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി ചലച്ചിത്ര ഗാന ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചു. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടി. ഈ ചിത്രം 1967ല്‍ റിലീസായതോടെ ജയചന്ദ്രന്‍റെ കരിയറിലെ ആദ്യ ഹിറ്റ് ഗാനവും പിറന്നു.പരസ്യം ചെയ്യൽഭാവസുന്ദരവുമായ ആലാപനശൈലി കൊണ്ട്‌ “ഭാവഗായകൻ” എന്ന വിശേഷണവും ജയചന്ദ്രന് ലഭിച്ചു. “മഞ്ഞലയിൽ മുങ്ങിത്തോർത്തി” “അനുരാഗഗാനം പോലെ..” _"_പിന്നെയും ഇണക്കുയിൽ .." “കരിമുകിൽ കാട്ടിലെ.." തുടങ്ങിയ ഗാനങ്ങള്‍ കരിയറില്‍ നിര്‍ണായകമായി.മലയാളം, തമിഴ്‌, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി 15000ലധികം ഗാനങ്ങൾ ആലപിച്ചു.1983യിലെ “ഓലഞ്ഞാലിക്കുരുവി”, എന്ന് നിന്‍റെ മൊയ്തീനിലെ “ശാരദാംബരം”, ജിലേബിലെ “ഞാനൊരു മലയാളി”, എന്നും എപ്പോഴും എന്ന സിനിമയിലെ “മലര്‍വാക കൊമ്പത്ത്” തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയ തലമുറയ്ക്കും ഏറെ പ്രിയപ്പെട്ട ഗായകനാണ് അദ്ദേഹം.പി എ ബക്കർ സംവിധാനം ചെയ്ത"നാരായണ ഗുരു” എന്ന സിനിമയിൽ ജി.ദേവരാജൻ ഈണം പകർന്ന “ശിവശങ്കര സർവ്വശരണ്യവിഭോ” എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനു ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.പരസ്യം ചെയ്യൽസംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിധ്യമുണ്ട്.ഹരിഹരന്റെ"നഖക്ഷതങ്ങൾ",ഓ.രാമദാസിന്റെ “കൃഷ്ണപ്പരുന്ത്” വി.കെ പ്രകാശ് സംവിധാനം ചെയ്ത " ട്രിവാന്‍ഡ്രം ലോഡ്ജ്" എന്നീ സിനിമകളിലും സംഗീത ആൽബങ്ങളിലും പി.ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്‌.ലളിതയാണ് ഭാര്യ.മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. ലക്ഷ്മി മ്യൂസിക് ആൽബങ്ങളില്‍ പാടുകയും ദിനനാഥ് രണ്ട് മലയാള ചലച്ചിത്രങ്ങളിൽ പിന്നണി പാടുകയും ചെയ്തു.
Previous Post Next Post