ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ; സമിതി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറി
ന്യൂഡല്‍ഹി | ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നല്‍കുന്ന സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.18,000 പേജുകളുള്ള എട്ട് വോള്യങ്ങളായിട്ടാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമസംവിധാനം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. 2029 ല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 2029 ല്‍ രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.ഇതനുസരിച്ച് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയേ ഉണ്ടാകൂ.
നിയമസഭകളുടെ കാലാവധി ഇതിനുസരിച്ച് ക്രമീകരിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാലാവധി കുറയും.