കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് തുടക്കമായി
7 ദിവസത്തെ ഭാവവത സപ്താഹ യജ്ഞത്തോടെയാണ് 9 ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകള്‍ ആരംഭിച്ചത്. മാര്‍ച്ച് 26 നാണ് പ്രതിഷ്ഠാദിനം. ശനിയാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം ഭാഗവത സപ്താഹ യജ്ഞാചാര്യന്‍ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെയും സംഘത്തെയും ആചാര്യവരണത്തോടെ യജ്ഞ ശാലയിലേക്ക് ആനയിച്ചു. യജ്ഞ മണ്ഡപത്തില്‍ ഭദ്രദീപം തെളിയിച്ചതിനു ശേഷം ഭാഗവതമാഹാത്മ്യ പ്രവചനം നടത്തി. രാവിലെ 6 30 മുതല്‍ വൈകിട്ട് ദീപാരാധന വരെയാണ് ഭാഗവത പാരായണവും പ്രഭാഷണവും നടക്കുക. മാര്‍ച്ച് 24നാണ് സമാപനം.മാര്‍ച്ച് 25 വരെ വൈകീട്ട് ക്ഷേത്രാങ്കണത്തില്‍ തിരുവാതിരക്കളി, നാദസ്വരക്കച്ചേരി, ചാക്യാര്‍കൂത്ത്, സമ്പ്രദായ ഭജന, യോഗ പ്രദര്‍ശനം, നൃത്തങ്ങള്‍, കഥകളി , ഓട്ടന്‍തുള്ളല്‍ തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും.
മാര്‍ച്ച് 24 , 25 തീയതികളില്‍ ക്ഷേത്രം തന്ത്രിമാരായ കരകന്നൂര്‍ വടക്കേടത്ത് നാരായണന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ശുദ്ധികര്‍മ്മങ്ങള്‍ നടക്കും. പ്രതിഷ്ഠാദിനത്തില്‍ ക്ഷേത്രത്തില്‍ രാവിലെ ബ്രഹ്‌മകലശ പൂജ, കലശപൂജ, ഭഗവതിക്ക് ചാന്താട്ടം, കലശാഭിഷേകം, ശ്രീഭൂതവലി എന്നിവയും 11.30 മുതല്‍ പ്രസാദ ഊട്ടും ഉണ്ടായിരിക്കും. വൈകിട്ട് അത്താഴപ്പൂജയ്ക്ക് ശേഷം ഗജവീരന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചുറ്റുവിളക്കും നടക്കും. പ്രതിഷ്ഠാദിനത്തിനോടനുബന്ധിച്ച് നടപ്പറ വെക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍ പറഞ്ഞു.