പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾക്കും സംവരണം; മൂന്ന് മാസത്തിനകം നിയമപരമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾക്കും സംവരണം അനുവദിക്കണമെന്ന ആവശ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നുമാസത്തിനകം നിയമപരമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച് നൽകിയിരിക്കുന്ന നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാനാണ് നിർദേശം. എറണാകുളം സ്വദേശി ആന്റണി നിൽട്ടൺ റെമെലോ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
ഒ.ബി.സി.യിൽപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെക്കൂടി സംവരണത്തിൽ ഉൾപ്പെടുത്തുന്നതിന് 2014 മേയ് 23-ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്ന് ലത്തീൻ സമുദായത്തിൻ്റെ രണ്ടുശതമാനം സംവരണം, ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി മൂന്നുശതമാനമാക്കാൻ പിന്നാക്ക വിഭാഗ വകുപ്പ് തീരുമാനിച്ചു. എന്നാൽ, ഇത് അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകൾക്കു മാത്രമായി പരിമിതപ്പെടുത്തി. ഇതിനെതിരേയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.