തൃശൂര്‍ നഗരത്തിലെ സൗജന്യഭക്ഷണവിതരണത്തിന് വിലക്ക്; പരിസരമലിനീകരണമെന്ന് കോര്‍പ്പറേഷന്‍ വിശദീകരണം
തൃശൂർ നഗരത്തിൽ പൊതു ഇടങ്ങളിലെ സൗജന്യ ഭക്ഷണവിതരണത്തിന് വിലക്കേർപ്പെടുത്തി കോർപ്പറേഷൻ. പരിസര മലിനീകരണം മൂലം നിരോധിക്കുന്നുവെന്ന് ഉത്തരവ്. തെരുവിൽ കഴിയുന്ന ഭിന്നശേഷിക്കാരായ ആളുകളെ പട്ടിണിയിലാക്കുന്ന തീരുമാനമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ഉച്ച നേരമാകുമ്പോഴേക്കും സന്നദ്ധ സംഘടനകളെത്തിക്കുന്ന ഭക്ഷണ പൊതികള്‍ക്കു വേണ്ടി തെരുവിൽ കാത്തിരിക്കുന്നവരെ പട്ടിണിയിലാക്കുന്ന നീക്കമാണ് ഇത്. നഗരത്തിലിനി ഈ കാത്തിരിപ്പോ ഭക്ഷണ വിതരണമോ ഇല്ല. വിതരണം കർശനമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം കോർപ്പറേഷൻ പുറത്തുവിട്ടു. പരിസര മലിനീകരണവും ഭക്ഷ്യ വിഷബാധയുമാണ് കാരണമെന്ന് കോർപ്പറേഷൻ. ശക്തൻ സ്റ്റാൻഡിനു സമീപം കോർപ്പറേഷന്റെ ഭക്ഷണ വിതരണ യൂണിറ്റിൽ നിന്ന് നൽകുമെന്ന് കോർപ്പറേഷൻ മേയർ
നാളെ മുതൽ പരിശോധന കർശനമാക്കുമെന്നും വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. കോർപ്പറേഷന്റെ സീറോ വേസ്റ്റ് ആശയത്തിലൂന്നിയാണ് നടപടിയെന്നും മേയർ.
കോർപ്പറേഷൻ തീരുമാനം നൂറുകണക്കിനാളുകളെ ബാധിക്കും. തെരുവിൽ കഴിയുന്ന ഭിന്നശേഷിക്കാരായ ആളുകൾക്ക് ശക്തൻ നഗറിലെത്തി ഭക്ഷണം വാങ്ങാൻ കഴിയാത്തതിനാൽ പട്ടിണി കിടക്കേണ്ടി വരും. ദീർഘവീക്ഷണം ഇല്ലാത്ത തീരുമാനമാണെന്നും കോർപ്പറേഷന്റെ തന്നെ വിശപ്പുരഹിത നഗരം എന്ന ആശയത്തെ മേയർ തള്ളിപ്പറയുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.