കലാമണ്ഡലം ഗോപിക്ക് ‘പദ്മഭൂഷൻ’ ബി.ജെ.പി സർക്കാർ വെട്ടിയത് രണ്ട് തവണ; സംസ്ഥാന സർക്കാർ ശുപാർശ പട്ടിക പുറത്ത്

കലാമണ്ഡലം ഗോപിക്ക് ‘പദ്മഭൂഷൻ’ ബി.ജെ.പി സർക്കാർ വെട്ടിയത് രണ്ട് തവണ; സംസ്ഥാന സർക്കാർ ശുപാർശ പട്ടിക പുറത്ത്

കഥകളിയാചാര്യൻ കലാമണ്ഡലം ഗോപിയെ പത്മാ പുരസ്‌കാര പട്ടികയിൽ നിന്നും കേന്ദ്ര സർക്കാർ തഴഞ്ഞത് രണ്ട് തവണ. പത്മഭൂഷൺ ബഹുമതിക്കായി രണ്ടു തവണ ഗോപിയാശാനെ സംസ്ഥാന സർക്കാർ ശിപാർശ ചെയ്തെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. 2020, 2021 വർഷങ്ങളിലാണ് കലാമണ്ഡലം ഗോപിയുടെ പേര് പുരസ്‌കാരത്തിനായി സർക്കാർ നിർദ്ദേശിച്ചത്.

2020ൽ കേരളം നൽകിയ പട്ടിക പൂർണ്ണമായും തള്ളി തള്ളിയ കേന്ദ്രസർക്കാർ ആത്മീയാചാര്യൻ ശ്രീ. എം എം.മുന്താസ് അലി, അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ.ആർ.മാധവ മേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. എട്ട് പേരടങ്ങുന്ന പട്ടികയാണ് സർക്കാർ ആ വർഷം കേന്ദ്രത്തിന് കൈമാറിയത്.

കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) എന്നിവർ ഉൾപ്പെട്ട പട്ടികയാണ് 2020ൽ സംസ്ഥാന സർക്കാർ നൽകിയത്.

2021ൽ പത്മഭൂഷണുവേണ്ടി അക്കിത്തം അച്യുതൻ നമ്പൂതിരി (സാഹിത്യം), ടി.പത്മനാഭൻ (സാഹിത്യം), സുഗതകുമാരി (സാഹിത്യം), കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), മധു (സിനിമ), പെരുവനം കുട്ടൻ മാരാർ (ചെണ്ട) എന്നിവരെയാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗായിക കെ.എസ് ചിത്രയ്ക്കാണ് പുരസ്ക്കാരം നൽകിയത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ അവാർഡുകൾ 1954 മുതലാണ് ആരംഭിച്ചത്. ഭാരതരത്നം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൻ.

സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മറ്റിയാണ് പരിഗണിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്‌തരായ നാലു മുതൽ ആറുവരെ അംഗങ്ങൾ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി. ഇവർ തെരഞ്ഞെടുക്കുന്ന പേരുകൾ പ്രധാനമന്ത്രിയുടെയും അംഗീകാരത്തിനായി സമർപ്പിക്കും. പത്മവിഭൂഷണിന് താഴെയാണ് മറ്റ് രണ്ട് പത്മ ബഹുമതികളായ പത്മഭൂഷന്റെയും പത്മശ്രീയുടെയും സ്ഥാനം. കഴിഞ്ഞ ദിവസം തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ്‌ഗോപി വീട്ടിൽ വരുമെന്നും അനുഗ്രഹിക്കണമെന്നും പദ്മഭൂഷൻ കിട്ടേണ്ടേയെന്ന് സുരേഷ്ഗോപിക്ക് വേണ്ടി ഒരു ഡോക്ടർ വിളിച്ചു പറഞ്ഞുവെന്നും അനുഗ്രഹിച്ച് പദ്മഭൂഷൻ വേണ്ടെന്ന് പറഞ്ഞതായി ഗോപിയാശാന്റെ മകൻ രഘുരാജിന്റെ സമൂഹ മാധ്യമകുറിപ്പ് വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് പദ്മഭൂഷന് സർക്കാർ ശുപാർശ കേന്ദ്ര ബിജെപി സർക്കാർ വെട്ടിയ വിവരങ്ങൾ പുറത്ത് വരുന്നത്. ഇത്തവണ തൃശൂരിലെ മേളപ്രമാണിക്ക് പദ്മശ്രീ ഉണ്ടാവുമെന്ന് ബിജെപി നേതാക്കൾ തന്നെ വിശ്വസിപ്പിച്ച് പ്രചരിപ്പിച്ചുവെങ്കിലും ഒടുവിൽ കബളിപ്പിക്കപ്പെട്ടു.
Previous Post Next Post