യുദ്ധത്തിലും തളരാതെ യുക്രെയ്ൻ ; യൂറോ കപ്പ് യോഗ്യത
രണ്ട് വർഷത്തിലധികമായി റഷ്യൻ അധിനിവേശത്തിന്റെ ദുരിതം പേറുന്ന യുക്രെയ്ൻ ജനതയ്ക്ക് സമാശ്വാസമായി യൂറോകപ്പ് യോഗ്യത. നിർണ്ണായകമായ പ്ലേ ഓഫിൽ ഐസ്‌ലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജൂണിൽ ജർമനിയിൽ നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്. യുദ്ധത്തിനിടയിലും തങ്ങൾ ഇവിടെയുണ്ടെന്ന് വിളിച്ചു പറയുകയാണ് ഫുട്‍ബോളിലൂടെ യുക്രെയ്ൻ എന്ന രാജ്യം.
ജൂൺ 17 ന് മ്യൂണിക്കിൽ റുമാനിയ്ക്കെതിരെയാണ് യൂറോകപ്പിൽ യുക്രെയ്‌ന്റെ ആദ്യ മത്സരം. ബെൽജിയം, സ്ലോവാക്യ, റുമാനിയ തുടങ്ങി ടീമുകളാണ് ഗ്രൂപ്പിലുള്ളത്. യൂറോകപ്പിൽ രാജ്യത്തിൻറെ തുടർച്ചയായ നാലാം യോഗ്യതയാണ് ഇത്. യുദ്ധകെടുതിയിൽ മറ്റ് രാജ്യങ്ങളിൽ ഹോം മത്സരങ്ങൾ കളിച്ചാണ് യോഗ്യത നേടിയത് എന്ന പ്രത്യേകത കൂടിയുണ്ട്.
യുദ്ധത്തിനിടയിൽ ഫുട്‍ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടാണ്. മിസൈലുകൾ ഒന്നിന് പിറകെ ഒന്നായി വർഷിക്കുകയാണ്. നമ്മളെല്ലാം ഈ ലോകത്തുണ്ടെന്നും യുദ്ധത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ഞങ്ങളെന്നും കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുക്രെയ്ൻ കോച്ച് സെർഹി റെബ്രോവ് മാധ്യമങ്ങളോട് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി ടീമിന് ആശംസകൾ അറിയിച്ചു.