അരിയന്നൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം

അരിയന്നൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം
ഗുരുവായൂർ : അരിയന്നൂർ ഹരികന്യക ക്ഷേത്രത്തിൽ 15 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവച്ചടങ്ങുകൾ ആരംഭിച്ചു. പാരമ്പര്യ അവകാശി ദേവിയെ എഴുന്നള്ളിക്കാനുള്ള ചരട് സമർപ്പിച്ചായിരുന്നു തുടക്കം. വൈകീട്ട് ബ്രാഹ്‌മണിപ്പാട്ടിനുശേഷം ഭഗവതിയെ ശാസ്താവിന്റെ അകമ്പടിയോടെ ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചു.

ഇനി ഉത്സവം ആറാംദിവസം വരെ ആറാട്ടിനുശേഷം ഭഗവതിയെയും ശാസ്ത‌ാവിനെയും കച്ചേരിയിലേക്ക് എഴുന്നള്ളിച്ച് നിവേദ്യം, പൂജ എന്നിവയ്ക്കുശേഷം രാത്രി തിരിച്ചെഴുന്നള്ളിക്കും.

ഉത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരികപരിപാടികൾ കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മുൻ മേൽശാന്തി ഡോ. കിരൺ ആനന്ദ് നമ്പൂതിരി മുഖ്യാതിഥിയായി.

സമിതി പ്രസിഡന്റ് മോഹൻദാസ് എലത്തൂർ അധ്യക്ഷനായി.24-ന് രാത്രിയാണ് കൊടിയേറ്റം. തുടർന്ന് എല്ലാ ദിവസവും ഉത്സവബലി ചടങ്ങുകൾ നടക്കും. കന്യകയായ ദേവിയുടെ ഉത്സവച്ചടങ്ങുകൾക്ക് പിടിയാനയെ മാത്രമാണ് എഴുന്നള്ളിക്കുന്നത്.
Previous Post Next Post