രാജ്യത്തെ മതരാഷ്ട്രമാക്കാൻ മോദിയും സംഘപരിവാറും ശ്രമിക്കുന്നു -വി.എം. സുധീരൻ
തൃശ്ശൂർ : സമ്പന്നർക്കു മാത്രമായി രാജ്യം ഭരിക്കുന്ന മോദിയുടെ കാപട്യത്തിന് ഇന്ത്യൻ ജനത തിരഞ്ഞെടുപ്പിലൂടെ വിധിയെഴുതുമെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരന്റെ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് തൃശ്ശൂർ കിഴക്കേക്കോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.
ഭരണസംവിധാനം ദുരുപയോഗം ചെയ്തും ചെറുകിട സംരംഭകരെ പീഡിപ്പിച്ചും അദാനിയും അംബാനിയും ഉൾപ്പെടെയുള്ള വൻകിട കുബേരന്മാരുടെ തോഴനായി മോദി അധഃപതിച്ചു. പൗരത്വനിയമത്തിലൂടെ മോദിയും സംഘപരിവാരവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളാണ് തകർത്തത്. രാജ്യത്തെ മതരാഷ്ട്രമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നതെന്നും ഇത് അപകടകരമാണെന്നും സുധീരൻ പറഞ്ഞു.
കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ അധ്യക്ഷനായി. യു.ഡി.എഫ്. തൃശ്ശൂർ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരൻ, നിയമസഭാ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിക്കലി, യു.ഡി.എഫ്. ചെയർമാൻ എം.പി. വിൻസന്റ്, കൺവീനർ കെ.ആർ. ഗിരിജൻ, തിരഞ്ഞെടുപ്പുകമ്മിറ്റി ജനറൽ കൺവീനർ സി.എ. മുഹമ്മദ് റഷീദ്, വർക്കിങ് ചെയർമാൻ തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു.