മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ അവധി നിഷേധിച്ച സർക്കാർ ഉത്തരവ് തിരുത്തി; അവധി പുനഃസ്ഥാപിച്ചു
ഇംഫാല്‍| മണിപ്പൂരിൽ ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കി ഗവർണർ പുറത്തിറക്കിയ ഉത്തരവ് പ്രതിഷേധത്തെ തുടർന്ന് തിരുത്തി. ഈസ്റ്റർ ദിന അവധി പുനസ്ഥാപിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി. ഗവർണറുടെ നടപടിയില പ്രതിഷേധം ശക്തമായതതോടെയാണ് തിരുത്തൽ.
ഈസ്റ്റർ ദിനമായ 31ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണമെന്നായിരുന്നു ഗവർണറുടെ പേരിൽ നേരത്തെ ഇറങ്ങിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയത്. സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളിലെ ഓഫിസുകളുടെ സുഗമമായ നടത്തിപ്പിനായാണ് മാർച്ച് 30, 31 തീയതികൾ പ്രവർത്തി ദിനമാക്കുന്നതെന്നായിരുന്നു ഇതിന് സർക്കാർ നൽകിയ വിശദീകരണം.
അതേസമയം അവധി നിഷേധിച്ച ഉത്തരവിനെതിരെ കുക്കി സംഘടനകളും മറ്റു വിവിധ ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ സർക്കാർ പുതിയ ഉത്തരവിറക്കി തടിയൂരുകയായിരുന്നു.