വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കി ഐഎന്‍എല്‍
കോഴിക്കോട് | ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി ഐഎന്‍എല്‍. കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ 26ന് വെള്ളിയാഴ്ചയാണ്
വെള്ളിയാഴ്ചയായതിനാല്‍ വിശ്വാസികളായ വോട്ടര്‍മാരുടെയും മുസ്ലിം ഉദ്യോഗസ്ഥരുടെയും പ്രയാസം കണക്കിലെടുത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്നാണ് ഐഎന്‍എല്‍ ദേശീയ കമ്മറ്റി ചീഫ് ഇലക്ഷന്‍ കമ്മീഷനു സമര്‍പ്പിച്ച നിവേദനത്തിലുള്ളത്.
കേരളം, ജമ്മു കശ്മീര്‍, അസം, യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്ലിം വോട്ടര്‍മാര്‍ക്ക് വെള്ളിയാഴ്ചത്തെ പോളിങ് ബുദ്ധിമുട്ടാകുമെന്നും പോളിങ്ങ് ശതമാനം കുറയാന്‍ പോലും ഇടയാക്കിയേക്കുമെന്നും ഐഎന്‍എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുസമ്മില്‍ ഹുസൈന്‍ വഴി നല്‍കിയ നിവേദനത്തില്‍ ചുണ്ടിക്കാട്ടി.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതു കൊണ്ട് ഒന്നര മണിക്കൂറോളം ബൂത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. മാത്രമല്ല പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പള്ളിയില്‍ പോകാനും സാധ്യമല്ല. ഇതെല്ലാം കണക്കിലെടുത്താണ് പോളിങ് സൗകര്യ പ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു