‘ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ വേണ്ട’; ആറാട്ടുപുഴ പൂരം വെടിക്കെട്ടിന് അനുമതി
ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് 17, 22, 23 തീയതികളില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് സമര്‍പ്പിച്ച അപേക്ഷയും സത്യവാങ്മൂലവും ഹൈക്കോടതി വിധിയിലെ നിര്‍ദ്ദേശങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നിബന്ധനകളോടെ വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി നല്‍കിയത്. നിബന്ധനകൾ ഇങ്ങനെ: ‘ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്‍ പ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം. മാഗസിന് 45 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് കെട്ടി ലൈസന്‍സി സുരക്ഷിതമാക്കണം. എക്‌സ്‌പ്ലോസീവ് അക്ട് ആന്റ് റൂല്‍സ് 2008 പ്രകാരമുള്ള നിബന്ധനകള്‍ വെടിക്കെട്ട് പ്രദര്‍ശനത്തിന് പാലിക്കേണ്ടതാണ്. വെടിക്കെട്ട് നടക്കുന്ന സന്ദര്‍ഭത്തില്‍ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളും, പെസോ അധികൃതര്‍, പൊലീസ്, ഫയര്‍ എന്നിവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും വെടിക്കെട്ട് നടത്തിപ്പുകാരും ആഘോഷ കമ്മിറ്റിക്കാരും പാലിക്കണം.’ ‘വെടിക്കെട്ട് പ്രദര്‍ശന സ്ഥലത്തുനിന്നും 100 മീറ്റര്‍ അകലത്തില്‍ മതിയായ ബലത്തിലും സുരക്ഷയിലും ബാരിക്കേഡ് നിര്‍മ്മിച്ച് കാണികളെ മാറ്റി നിര്‍ത്തണം. ഡിസ്പ്ലേ ഫയര്‍വര്‍ക്ക്സില്‍ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല.’ നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിര്‍മ്മിച്ചതും നിരോധിത രാസ വസ്തുക്കള്‍ ചേര്‍ക്കാത്തതുമായ ഓലപ്പടക്കങ്ങള്‍ ഉള്‍പ്പെടെയുള്ള പെസോ അംഗീകൃത നിര്‍മ്മിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.